മുഹമ്മ: മണ്ണഞ്ചേരിയിൽ ഓണാഘോഷ പരിപാടി കണ്ട് മടങ്ങുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിയെ അഞ്ചംഗ സംഘം വളഞ്ഞുവച്ച് മർദ്ദിച്ച് അവശനാക്കിയതായി പരാതി. രക്ഷിക്കാൻ ശ്രമിച്ച മറ്റൊരു യുവാവിനും മർദനമേറ്റു. തലയ്ക്കും ശരീരമാകെയും മർദനമേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോക്സോ കേസ് പ്രതി ഉൾപ്പെട്ട സംഘമാണ് വിദ്യാർത്ഥിയെ മർദിച്ചത്. മണ്ണഞ്ചേരി പഞ്ചായത്ത് 17 ാം വാർഡ് കന്നിട്ടപ്പറമ്പിൽ നടന്ന ഓണാഘോഷ പരിപാടി കണ്ട് മടങ്ങുകയായിരുന്ന വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.തലയ്ക്ക് അടിയേറ്റ് വീണുപോയ വിദ്യാർത്ഥിയെ എല്ലാവരും ചേർന്ന് വീണ്ടും മർദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥി മുഹമ്മ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും, പിന്നീട് ആലപ്പുഴ ജില്ലാ ജനറൽ ആശുപത്രിയിലും ചികിൽസ തേടി. മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകി. എന്നാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു.