
ചാരുംമൂട് : ഓണം അവധി ദിവസങ്ങൾ ചെലവഴിക്കാൻ വയ്യാങ്കരച്ചിറ ടൂറിസം കേന്ദ്രത്തിൽ സന്ദർശകരുടെ തിരക്കേറി. കുട്ടികൾക്കായി പുതിയ റൈഡുകളും കാഴ്ചയൊരുക്കുന്ന വെർച്വൽ റിയാലിറ്റി ഷോയും സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി. പി.സി) താമരക്കുളം പഞ്ചായത്ത് പച്ചക്കാട് ഫാർമേഴ്സ് ക്ലബും ചേർന്നാണ് ഗ്രീൻ ഫോറസ്റ്റ് എന്ന പേരിൽ ഒരു വർഷം മുമ്പ് പദ്ധതി നടപ്പാക്കിയത്. ചിറയിലൂടെയുള്ള ബോട്ടിംഗും ചിറയ്ക്ക് മദ്ധ്യത്തറയുള്ള ഹട്ടും പ്രധാന ആകർഷണമാണ്. കയാക്കിംഗ്,കുട്ടവഞ്ചി, പെഡൽ ബോട്ട് എന്നിവയും സജ്ജമാണ്.കുട്ടികളുടെ പാർക്ക്, കുട്ടികളുടെ ട്രെയിൻ, എം.ജി.ആർ കിഡ്സ് റൈഡുകൾ, അമ്പെയ്ത്ത്, അക്വേറിയം എന്നിവയ്ക്ക് പുറമെ വിസ്മയ കാഴ്ചകളുമായി ഇപ്പോൾ വെർച്വൽ റിയാലിറ്റി ഷോയും സജ്ജമാക്കിയിട്ടുള്ളത്. ഫുഡ് കോർട്ടും, ഐസ്ക്രീം പാർലറും ഇവിടെ പ്രവർത്തിക്കുന്നു. ഈ ഓണക്കാലത്ത് ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള ധാരാളം സന്ദർശകർ കുടുംബമായി എത്തുന്നുണ്ടെന്ന് ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡന്റ് ശിവൻകുട്ടി, സെക്രട്ടറി പ്രദീപ് എന്നിവർ പറഞ്ഞു. എം.എസ്.അരുൺ കുമാർ എം.എൽ.എയുടെ ഇടപെടലിലാണ് ടൂറിസം വകുപ്പ് കഴിഞ്ഞ വർഷം വയ്യാങ്കരച്ചിറയിൽ ടൂറിസം ക്രമീകരണങ്ങൾ ഒരുക്കിയത്. ചിറയിലെ ടൂറിസം അടിസ്ഥാന വികസനത്തിനായി 2 കോടി രൂപയാണ് സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തിയിട്ടുള്ളത്.