
ഹരിപ്പാട്: ആരാണ് വിജയി എന്ന് ഒറ്റനോട്ടത്തിൽ മനസിലാകാൻ സാധിക്കാത്ത തരത്തിലെ ഫോട്ടോ ഫിനിഷ്. നെഹ്റുട്രോഫി ജലമേളയുടെ ഫൈനലിനെക്കാൾ വീറും വാശിയോടെയുമാണ് ഇന്നലെ അച്ചൻകോവിലാറ്റിൽ ചരിത്ര പ്രസിദ്ധമായ പായിപ്പാട് ജലോത്സവം അരങ്ങേറിയത്. 71ാമത് നെഹ്റുട്രോഫി സ്വന്തമാക്കിയ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടനും, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടനും ഫോട്ടോ ഫിനിഷ് നടത്തി. ഇഹ്സാൻ അഹമ്മദ് ക്യാപ്റ്റനായ വീയപുരം ചുണ്ടനെ സംഘാടകർ ആദ്യം വിജയിയായി പ്രഖ്യാപിച്ചു. എന്നാൽ മുട്ടേൽ തങ്കച്ചൻ ക്യാപ്റ്റനായ പി.ബി.സിയുടെ പരാതിയെ തുടർന്ന് ഫലപ്രഖ്യാപനം മരവിപ്പിക്കുകയായിരുന്നു. നെഹ്റുട്രോഫിയിൽ രണ്ടാം ഹാട്രിക് ലക്ഷ്യമാക്കിയെത്തിയ പി.ബി.സിക്ക് നിലവിലെ റാങ്ക് പട്ടിക പ്രകാരം മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങേണ്ടി വന്നിരുന്നു. ഈ കുറവ് നികത്തി വീണ്ടും വിജയ ട്രാക്കിലെത്താനുള്ള പി.ബി.സിയുടെ ശ്രമത്തിലാണ് നെഹ്റുട്രോഫി ജേതാവായ വീയപുരം പായിപ്പാട് ഫോട്ടോ ഫിനിഷിലൂടെ തടയിട്ടത്.
പ്രസാദ് കുമാർ ക്യാപ്റ്റനായ കാരിച്ചാൽ ചുണ്ടനാണ് മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് വലിയ ദിവാൻജി, പായിപ്പാടൻ, കരുവാറ്റ എന്നീ ചുണ്ടനുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫസ്റ്റ് ലൂസേഴ്സ് മത്സരത്തിൽ ചെറുതന ഒന്നാമതും വെള്ളംകുളങ്ങര രണ്ടാമതും ആയാപറമ്പ് പാണ്ടി മൂന്നാമതും എത്തി.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ജലമേള ഉദ്ഘാടനം ചെയ്തു. രമേശ് ചെന്നിത്തല എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തോമസ്.കെ.തോമസ് എം.എൽ.എ , മുൻ എം.എൽ.എ കെ.കെ.ഷാജു, ജില്ലാപഞ്ചായത്തംഗം എ.ശോഭ , ഹരിപ്പാട് നഗരസഭാദ്ധ്യക്ഷൻ കെ.കെ.രാമകൃഷ്ണൻ, സ്നേക് ബോട്ട് ഓണേഴ്സ് അസ്സോസിയേഷൻ പ്രസിഡന്റ് ആർ.കെ.കുറുപ്പ്, വീയപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ സുരേന്ദ്രൻ, ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യം എന്നിവർ സംസാരിച്ചു . ജലോത്സവ സമിതി കൺവീനർ സി.പ്രസാദ് സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന മാസ്സ് ഡ്രില്ലിന് എസ്. ഗോപാലകൃഷ്ണൻ നേതൃത്വം നൽകി. വിജയികൾക്ക് കൊടിക്കുന്നിൽ സുരേഷ് എം.പിസമ്മാനദാനം നടത്തി. ജലോത്സവ സമിതി ഭാരവാഹികളായ കെ.കാർത്തികേയൻ, ശ്രീകുമാർ ഉണ്ണിത്താൻ , സന്തോഷ്കുമാർ, ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
ആലപ്പുഴയ്ക്ക് ഏയിംസ് പ്രതീക്ഷ
നൽകി സുരേഷ്ഗോപി
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ ആലപ്പുഴയ്ക്ക് ഏയിംസ് ലഭിക്കുന്ന കാര്യങ്ങൾക്ക് ശ്രമം നടത്തുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാഗ്ദാനം. പായിപ്പാട് ജലോത്സവത്തിന്റെ സമാപന ദിവസം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിത്തുകയായിരുന്നു അദ്ദേഹം. 2016 മുതലുള്ള ആവശ്യമാണിത്. ഇവിടെ എയിംസ് സ്ഥാപിക്കാൻ ആവശ്യത്തിൽ കൂടുതൽ സ്ഥലമുണ്ട്. കേരള സർക്കാർ ആവശ്യപ്പെട്ടാൽ നമ്മുടെ പ്രധാനമന്ത്രിയെ കൊണ്ട് ഇത് സാധ്യമാക്കാമെന്ന് നിങ്ങൾക്ക് ഉറപ്പ് തരുന്നു.സംസ്ഥാന സർക്കാർ വഴി കേന്ദ്രത്തിന് നിവേദനം സമർപ്പിച്ചാൽ തന്റെ മിനിസ്ട്രി പായിപ്പാട് ജലോത്സവത്തിന്റെ നടത്തിപ്പിന് വേണ്ട സഹായം അനുഭാവപൂർവം പരിഗണിക്കാമെന്നും സുരേഷ് ഗോപി ഉറപ്പ് നൽകി.