
ആലപ്പുഴ: ചാത്തനാട് കോളനിയിലെ പട്ടയമില്ലാത്ത കുടുംബാംഗങ്ങൾക്കായുള്ള ഫ്ലാറ്റിന്റെ നിർമ്മാണം ഇഴയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അറിയിച്ച പല തീയതികളും ഇതിനോടകം കഴിഞ്ഞു. നഗരസഭയുടെ കാലാവധി തീരാൻ ഇനി അധിക നാളില്ലാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ എന്ന് പൂർത്തിയാകുമെന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ലൈഫ് പദ്ധതിയുടെ ഭാഗമായാണ് ചാത്തനാട് ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്നാണ് മാസങ്ങളായുള്ള നഗരസഭയുടെ മറുപടി. എന്നാൽ ഇതുവരെ പ്രവർത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. മഴമൂലമാണ് നിർമ്മാണം ആരംഭിക്കാത്തതെന്ന് അധികൃതർ പറയുന്നത്. നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനിയുമായി ഈ ആഴ്ച മീറ്റിംഗ് നടത്തിയതിനുശേഷം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. നിർമ്മാണം പൂർത്തിയാക്കുന്നതിന് ഏകദേശം ഒരുകോടി രൂപ വിവിധ പദ്ധതികളിലുൾപ്പെടുത്തി നഗരസഭ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലത്താണ് രണ്ട് കെട്ടിടങ്ങളിലായി 12, 6 എന്നിങ്ങനെ 18 ഫ്‌ളാറ്റുകളുടെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ പ്രധാന ജോലികൾ പൂർത്തിയാകും മുമ്പ് നിർമ്മാണം നിലച്ചു. വർഷങ്ങളായി ഫ്ളാറ്റിൽ യാതൊരു നിർമ്മാണപ്രവർത്തനങ്ങളും നടന്നിട്ടില്ല. നിലവിൽ തേപ്പ്, ഇലക്ട്രിക്കൾ, പ്ലംബിംഗ്, പേയിന്റിംഗ് ജോലികളാണ് പൂർത്തിയാകേണ്ടത്.
...................
പട്ടികയിൽ 24 അതിദരിദ്രർ
24 അതിദരിദ്രരുടെ പട്ടികയാണ് നഗരസഭയിലുള്ളത്. എട്ടുപേർക്ക് ആലിശേരിയിലെ ഫ്‌ളാറ്റ് നൽകും. രണ്ട് മുറി, അടുക്കള, ടൊയ് ലറ്റ് എന്നീ സൗകര്യങ്ങളോടെയുള്ള ഫ്‌ളാറ്റുകളാണ് വിഭാവനം ചെയ്തിരിക്കുന്നത് . നവംബറിൽ അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപനത്തിന് ഒരുങ്ങുമ്പോൾ മുഴുവൻ ആളുകൾക്കും വാസയോഗ്യമായ വീടാണ് നഗരസഭയുടെ ലക്ഷ്യം.
..........
ഈ ആഴ്ച നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനിയുമായി യോഗം ചേരും. നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാണ് ലക്ഷ്യം
- എം.ആർ. പ്രേം,അദ്ധ്യക്ഷൻ, പൊതുമരാമത്ത് സ്ഥിരം സമിതി
ഭരണനേതൃത്വത്തിന്റെ അനാസ്ഥയാണിത്. കഴിഞ്ഞ കൗൺസിൽകാലത്ത് ആരംഭിച്ച ഫ്ലാറ്ര് നിർമ്മാണം ഈ കൗൺസിൽ അധികാരമേറ്ര് അഞ്ച് വർഷമാവാറായിട്ടും പൂർത്തിയാക്കാനായിട്ടില്ല. നഗരസഭയ്ക്കായി തലമുറകളായി ജോലി ചെയ്യുന്ന ചാത്തനാട്ടുകാരോടുള്ള അവഗണനയാണിത്
-റീഗോരാജു,പ്രതിപക്ഷ നേതാവ്