ആലപ്പുഴ: ഓണവിപണിയിൽ ജില്ലയിൽ ബമ്പറടിച്ച് കുടുംബശ്രീ. സി.ഡി.എസ് തലത്തിലും ജില്ലാ തലത്തിലുമായി സംഘടിപ്പിച്ച മേളകളിൽ വലിയ നേട്ടമാണ് കുടുംബശ്രീ കൊയ്തത്. വിപണനമേളകൾ, കാർഷിക സൂക്ഷ്മസംരംഭ യൂണിറ്റുകൾ, ഉത്പന്നങ്ങൾ എന്നിവയുടെ എണ്ണത്തിലും സംരംഭകരുടെ പങ്കാളിത്തത്തിലും വലിയ പങ്കാളിത്തമാണ് ഇത്തവണ ഉണ്ടായത്. ജില്ലയിൽ ഓണസദ്യ, ഓണക്കിറ്റ്, ഓണച്ചന്ത, ഗിഫ്റ്റ് ഹാമ്പറുകൾ, ഓണക്കനി, നിറപ്പൊലിമ എന്നിവയിൽ നിന്നായി നാലുകോടി രൂപയാണ് കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ നേടിയത്. ഈ വർഷം മുതൽ ആരംഭിച്ച ഗിഫ്റ്റ് ഹാമ്പറുകൾ വലിയ ജനപ്രീതിയാണ് നേടിയത്. കുടുംബശ്രീ അംഗങ്ങളുടെ യൂണിറ്രുകൾ നടത്തിവരുന്ന കേറ്ററിംഗ് സ്ഥാപനങ്ങൾ വഴിയും വമ്പൻ വിൽപ്പന നടന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഓണച്ചന്ത വിപണയിൽ രണ്ടാംസ്ഥാനത്തായിരുന്നു ആലപ്പുഴ. ഇത്തവണയും അതിനൊത്തുള്ള വില്പനയാണ് നടന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 28.47 കോടിയുടെ വില്പനയാണ് നടന്നത്.
ഹിറ്റായി ഓണസദ്യ
ജില്ലയിൽ 29 യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇത്തവണ ഓണ സദ്യ വിതരണം ചെയ്തത്. തൂശനില, ചോറ്, അവിയൽ, സാമ്പാർ, കാളൻ, തോരൻ, അച്ചാറുകൾ, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം, രണ്ടുതരം പായസം എന്നിവ ഉൾപ്പടെയുള്ള സദ്യയാണ് വിറ്റഴിച്ചത്. ഇതിലൂടെ 3402000 രൂപയുടെ വരുമാനം നേടി. 17182 അംഗങ്ങളാണ് പങ്കെടുത്തത്.
ഓണവിപണി വരുമാനം
ഓണച്ചന്തകൾ: 3.36 കോടി
ഓണസദ്യ: 3402000 രൂപ
ഓണക്കിറ്റ്: 6128291രൂപ
ഗിഫ്റ്റ് ഹാമ്പർ: 279650 രൂപ
ഓണക്കനി: 1562986 രൂപ
നിറപ്പൊലിമ: 1383930 രൂപ
കഴിഞ്ഞ വർഷത്തേക്കാളും വലിയ വിറ്റുവരവാണ് ഇത്തവണ കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ നേടിയത്. ജനങ്ങൾ വലിയ പിന്തുണയാണ് ഇത്തവണയും കുടുംബശ്രീക്ക് നൽകിയത്. വിറ്രുവരവ് തുക മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കാണ് നൽകും
-എസ്. രഞ്ജിത്, ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ കുടുംബശ്രീ മിഷൻ