bsb

ഹരിപ്പാട്: തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശ റോഡ് അപകടക്കെണിയാകുന്നു. തിരമാലയിൽ റോഡിലേക്ക് അടിച്ചുകയറിയ മണലാണ് ഭീഷണി ഉയർത്തുന്നത്. ആറാട്ടുപുഴ കാർത്തിക ജംഗ്ഷന് തെക്ക്, എ.സി പളളി, കളളിക്കാട്, പെരുമ്പളളി, തറയിൽക്കടവ്, അഴീക്കോടൻ നഗർ, വലിയഴീക്കൽ ഭാഗങ്ങളിൽ മണൽ റോഡിൽ ശേഷിക്കുന്നുണ്ട്. ഇവിടങ്ങളിൽ നിരന്തരം ചെറുതും വലുമായ അപകടങ്ങൾ ഉണ്ടാകുന്നു. കഴിഞ്ഞ ഞായറാഴ്ചയും റോഡിലേക്ക് കയറിക്കിടന്ന മണലിൽ കയറി നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് വീണ യുവാവ് ബസ് കയറി മരിച്ചിരുന്നു. കരിമണലാണ് നിരന്നു കിടക്കുന്നത്. രാത്രിയിൽ എളുപ്പം ഇത് കാണാൻ കഴിയില്ല. അതിനാൽ രാത്രിയാത്ര ഏറെ അപകടകരമാണ്. സ്ഥിരയാത്രക്കാരല്ലാത്തവർ രാത്രിയിൽ റോഡിന്റെ അവസ്ഥയറിയാതെയും അപകടത്തിൽപ്പെടുന്നു. കൂടാതെ, റോഡിന് മതിയായ വീതിയുമില്ല. അതിനാൽ വലിയ വാഹനങ്ങളെ കയറ്റിവിടാനായി അരികു ചേർക്കുമ്പോൾ മണ്ണിലേക്ക് കയറി ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിടുന്നു. ഭാഗ്യംകൊണ്ട് മാത്രമാണ് യാത്രക്കാരിൽ പലരും വലിയ അപകടത്തിൽ നിന്നു രക്ഷപ്പെടുന്നത്.

....................

# തീരദേശ റോഡിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധന

1.കടലേറ്റം ശമിക്കുമ്പോൾ അടിഞ്ഞുകൂടിയ മണൽ മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് റോഡിന്റെ ഇരുവശങ്ങളിലേക്കും കൂന കൂട്ടും.

2.യന്ത്രം ഉപയോഗിച്ച് റോഡിൽ വീഴുന്ന മണൽ പൂർണമായും നീക്കുക പ്രയാസകരമാണ്. ചെറിയ തോതിൽ മണൽ റോഡിൽ അവശേഷിക്കും.

3..ദിവസങ്ങൾ കഴിയുമ്പോൾ കൂട്ടിവെച്ച ഈ മണൽ റോഡിലേക്ക് ഇടിഞ്ഞിറങ്ങുകയും കടൽത്തിരയും മഴയും മൂലം റോഡിലേക്ക് തന്നെ ഒഴുകിയെത്തുും

......................

അടിഞ്ഞുകൂടുന്ന മണൽ റോഡിലേക്ക് ഇറങ്ങി വരാത്ത തരത്തിൽ നീക്കണം. റോഡിന്റെ തൊട്ടരികിൽ കൂന കൂട്ടി വച്ച് പ്രശ്‌നത്തിന് താത്കാലിക പരിഹാരം കാണാതെ ഇടിച്ച് ഇറങ്ങാത്ത തരത്തിൽ മണൽ റോഡിൽ നിന്ന് നീക്കം ചെയ്യണം

- നാട്ടുകാർ