അമ്പലപ്പുഴ: പത്തു ദിവസമായി കുടിവെള്ളമില്ലാതെ പുറക്കാട് പഞ്ചായത്ത് നിവാസികൾ. പുറക്കാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് തോട്ടപ്പള്ളി ഗുരുമന്ദിരം - കാക്കനാട് റോഡിന്റെ പരിസരത്തുള്ളവരാണ് ഓണക്കാലത്ത് കുടിവെള്ളം ലഭിക്കാതെ ബന്ധുവീടുകളിൽ അഭയം തേടേണ്ട ഗതികേടിലായത്. കളക്ടർക്കും വാട്ടർ അതോറിട്ടി എ.ഇക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ വാട്ടർ അതോറിട്ടിയിലേക്ക് വിളിച്ച വീട്ടമ്മമാരോട് അധികൃതർ മാന്യമല്ലാതെ തട്ടിക്കയറിയതായും ആക്ഷേപമുണ്ട്.പലരും വീട് പൂട്ടിക്കെട്ടി ഇപ്പോഴും ദൂരെയുള്ള ബന്ധുക്കളുടെ വീട്ടിലാണ് താമസം. ഇനിയും കുടിവെള്ളം കിട്ടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.