
മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് 996-ാം നമ്പർ ശ്രീഭഗവതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഓണാട്ടുകര തിരുവാതിര-2025ൽ അന്യം നിന്നുപോയ 'ആശകൊശലേ പെണ്ണുണ്ടോ' എന്ന പഴയകാല ഓണക്കളി അവതരിപ്പിച്ചു. എൻ.എസ്.എസ് കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും ആഭിമുഖ്യത്തിൽ കഴിഞ്ഞ 15 വർഷമായി ഓണാട്ടുകര തിരുവാതിര നടത്തുന്നുണ്ട്. പഴയകാല ഓണാഘോഷങ്ങളെ അനുസ്മരിപ്പിക്കുന്ന തിരുവാതിര, തുമ്പിതുള്ളൽ, പഴുക്കാകളി, ഓണപ്പാട്ട്, വഞ്ചിപ്പാട്ട്, ആശകൊശലേ ഉൾപ്പെടെയുള്ള ധാരാളം കലാപരിപാടികൾ അരങ്ങേറി. കഴിഞ്ഞ മൂന്ന് മാസമായി വനിതാസമാജത്തിലെ സ്ത്രീകളും കുട്ടികളും ചിട്ടയായ പരിശീലനം നടത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഓണാട്ടുകര തിരുവാതിര-2025 കരയോഗം പ്രസിഡന്റ് എൻ.ശ്രീധരൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കരയോഗം വൈസ് പ്രസിഡന്റ് വൈഷ്ണവം ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.വിജയൻ പിള്ള, ട്രഷറർ അനിൽകുമാർ, വനിതാസമാജം പ്രസിഡന്റ് സി.ചന്ദ്രികാമ്മ, സെക്രട്ടറി ഗീതാ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവിധ മേഖലയിൽ പ്രതിഭ തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.