കുട്ടനാട് : കാവാലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ലഹരി വിൽപ്പനയും ഉപയോഗവും കാര്യമായി വർദ്ധിച്ചിട്ടും അധികൃതർ കണ്ടതായി നടിക്കുന്നില്ലെന്ന് നാട്ടുകാർ. യുവാക്കൾ രാത്രിയിൽ സംഘം ചേർന്ന് ഇരുചക്രവാഹനങ്ങളിലും മറ്റും കറങ്ങിനടന്ന് നടത്തിവരുന്ന ലഹരിവസ്തുക്കളുടെ കച്ചവടവും ഉപയോഗവും നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.

പഞ്ചായത്തിലെ നാലാം വാർഡ് കേന്ദ്രീകരിച്ചാണ് ലഹരി വ്യാപാരം പൊടിപൊടിക്കുന്നത്.

അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇടനിലക്കാർ മുഖേന എത്തിക്കുന്ന എം.ഡി.എം.എ പോലുള്ള മാരക ലഹരിവസ്തുക്കൾ യുവാക്കൾ രാത്രി ബൈക്കുകളിൽ കറങ്ങിനടന്ന് ആവശ്യക്കാർക്ക് എത്തിക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു.

ചോദ്യം ചെയ്‌താൽ ഭീഷണി

1.നാട്ടുകാരിലാരെങ്കിലും ചോദ്യംചെയ്യാനോ,​ നിയന്ത്രിക്കാനോ മുതിർന്നാൽ ഇവർ ഭീഷണിപ്പെടുത്തുക മാത്രമല്ല,​ സമാധാനമായി ജീവിക്കാനും അനുവദിക്കില്ല. അതിനാൽ,​ ലഹരിസംഘത്തിനെതിരെ പ്രതികരിക്കാനോ,​ പരാതിപ്പെടാനോ ആരും ധൈര്യംകാണിക്കാറില്ല

2. പൊലീസ്, എക്സൈസ് ഉൾപ്പെടെയുള്ള അധികൃതർക്ക് നാട്ടുകാർ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നേരത്തെ തന്നെ കൈമാറിയിരുന്നെങ്കിലും തക്കതായ നടപടി സ്വീകരിക്കാൻ അവർ തയ്യാറായില്ല. ഇതാണ് ഇപ്പോൾ സ്ഥിതി രൂക്ഷമാകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്

3. പ്രദേശത്തെ ചില രാഷ്രീയ കക്ഷികൾ ലഹരിസംഘത്തെ സംരക്ഷിക്കാൻ രംഗത്തുള്ളതാണ് പ്രശ്നം രൂക്ഷമാകുന്നതിനും കച്ചവടം നിർബാധം തുടരുന്നതിന് കാരണമെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. സംഘത്തെ അമർച്ചചെയ്യാൻ അധികൃതർ നടപടിയെടുത്തില്ലെങ്കിൽ പുതുതലമുറ അപ്പാടെ ലഹരിക്ക് അടിമയാകുമെന്നും അവർ ഭയപ്പെടുന്നു