
മുഹമ്മ: തിരക്കേറിയ കാവുങ്കൽ- എലിപ്പനം -പൊന്നാട് റോഡിൽ അറവുമാലിന്യം തള്ളൽ രൂക്ഷമായതോടെ മൂക്കുപൊത്താതെ യാത്രചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. കാൽ നട യാത്രക്കാരാണ് കൂടുതൽ ദുരിതത്തിലായത്.ചാക്കിൽക്കെട്ടി വലിച്ചെറിയുന്ന അറവുമാലിന്യം
തെരുവുനായ്ക്കൾ കടിച്ചുവലിച്ച് റോഡിന്റെ വശങ്ങളിലായി കൊണ്ടിടാൻ തുടങ്ങിയതോടെയാണ്
ദുർഗന്ധം അസഹനീയമായത്. വൈകുന്നേരങ്ങളിൽ കാറ്റുകൊള്ളാനും വിശ്രമിക്കാനുമായി
കുട്ടികളും വൃദ്ധരും ഉൾപ്പടെ നിരവധി ആളുകൾ എത്തുന്ന റോഡാണ് ഇത്. മാത്രമല്ല,
ഫോട്ടോഷൂട്ടിനും ആൽബം ചിത്രീകരിക്കാനും വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവർ ധാരാളമായി എത്തുന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ മാലിന്യം തള്ളൽ നിർബാധം നടക്കുന്നത്.
നാട്ടുകാരനായ എൻ.കെ രഘു റോഡിൽ പൂച്ചെടികളും ഇലച്ചെടികളും നട്ടുനനച്ച് മനോഹരമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറുവശത്ത് മാലിന്യം തള്ളി വൃത്തികേടാക്കാനുള്ള ശ്രമവും നടക്കുന്നത്.
ക്യാമറ സ്ഥാപിച്ചിട്ടും രക്ഷയില്ല
കുറച്ച് ദിവസങ്ങൾ മുമ്പ് ഇവിടെ കക്കൂസ് മാലിന്യം അടക്കം തള്ളുന്നത് പതിവായിരുന്നു. എന്നാൽ, സി.സി ടി.വി സ്ഥാപിച്ചതോടെ ഇതിന് വലിയ കുറവ് ഉണ്ടായി. എന്നാൽ, വീണ്ടും സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളൽ പതിവാക്കിയിരിക്കുകയാണ്. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.