
കായംകുളം : എരുവയിൽ പമ്പാ ജലസേചനപദ്ധതിയുടെ കനാൽ തകർത്ത സംഭവത്തിൽ കായംകുളം പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. പി.ഐ.പി അസി.എൻജിനീയർ ഇ മെയിൽ വഴി കായംകുളം പൊലീസിന് പരാതി നൽകിയെങ്കിലും നേരിട്ട് ഹാജരായി മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കനാൽ തകർത്തതിൽ ഏകദേശം 27.6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അസി.എൻജിനീയർ നൽകിയ പരാതിയിലുണ്ട്.
നഗരസഭ ആറാം വാർഡിൽ മാവിലേത്ത് എൽ.പി സ്‌കൂളിന് പടിഞ്ഞാറ് ഭാഗത്ത് എരുവ കീരിക്കാട് റോഡിന് സമീപമാണ് പമ്പജലസേചന പദ്ധതിയുടെ ഭാഗമായിട്ടുള്ള എരുവ ബ്രാഞ്ച് കനാലിന്റെ 165 മീറ്ററോളം തകർത്തത്. ജലസേചനത്തിനായി നിർമ്മിച്ച കനാൽ സർക്കാർ ഭൂമിയിൽ അതിക്രമിച്ച് കയറി പൂർണ്ണമായും തകർക്കുകയായിരുന്നു.
അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ എട്ട് പേർ സംഘത്തിൽ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വേനൽക്കാലത്ത് വെള്ളം ഒഴുകുന്ന കനാൽ തകർത്തത് റിയൽ എസ്‌റ്റേറ്റ് മാഫിയയെ സഹായിക്കാനാണെന്നാണ് നാട്ടുകാർ പറയുന്നത്. ചില ജനപ്രതിനിധികളുടെ സഹായം ഇതിന് കിട്ടിയെന്നും ആരോപണമുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പമ്പ ജലസേചന പദ്ധതി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
27.6 ലക്ഷം രൂപയുടെ നഷ്ടം
കഴിഞ്ഞ ദിവസം പുലർച്ചെയോടെ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് സ്ഥലത്തെ ചിലരാണ് കനാൽ അടിച്ച് തകർത്തത്
കനാലിന് ഇരുവശത്തു കൂടിയും ചെറിയ റോഡുണ്ട്. ഭുമി നിരപ്പിൽ നിന്ന് ഉയർന്നാണ് കനാൽ പോകുന്നത്
കനാലിന്റെ രണ്ട് വശത്തും കോൺക്രീറ്റിൽ തീർത്ത സംരക്ഷണഭിത്തികളുണ്ടായിരുന്നു. ഇവ കൂടം ഉപയോഗിച്ച് അടിച്ച് തകർത്തു
റിയൽ എസ്‌റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് കനാൽ തകർത്തതെന്നാണ് നാട്ടുകാർ പറയുന്നത്