ph

കായംകുളം : കായംകുളം താലൂക്കാശുപത്രിയിൽ മോർച്ചറി അടച്ചിട്ട് ഒരുമാസം പിന്നിടുന്നു. ഫ്രീസറിന്റെ കംപ്രസർ യൂണീറ്റ് കേടായതിനെ തുടർന്നാണ് മോർച്ചറിയുടെ പ്രവർത്തനം നിലച്ചത്. ഇത്രനാൾ അടച്ചിടേണ്ടി വന്നിട്ടും അറ്റകുറ്റപ്പണികൾക്ക് കാലതാമസം നേരിടുകയാണ്.

കാലപ്പഴക്കത്താലാണ് കംപ്രസർ യൂണീറ്റ് തകരാറിലായത്. ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്രവൃത്തികളാണെങ്കിൽ ആശുപത്രി അധികൃതർക്ക് സ്വന്തം നിലയിൽ ചെയ്യാൻ കഴിയും. അതിന് മുകളിലാണങ്കിൽ ടെൻഡർ നടപടി പൂർത്തിയാക്കണം.

ഇപ്പോൾ ക്വട്ടേഷൻ നൽകിയിട്ടുള്ള സ്ഥാപനങ്ങളെല്ലാം ഒരു ലക്ഷത്തിന് മുകളിലാണ് തുക നൽകിയിരിക്കുന്നത്. അതിൽ കേരള മെഡിക്കൽ സർവീസ് കോ-ഓപറേറ്റീവ് സൊസൈറ്റിയുമുണ്ട്. സർക്കാർ അംഗീകൃത ഏജൻസിയായതിനാൽ കംപ്രസർ യൂണീറ്റ് മാറ്റിവയ്ക്കുന്നത് ഇവരെ ഏൽപ്പിക്കാൻ കഴിയും. ഇത് പ്രകാരം കംപ്രസർ യൂണീറ്റ് മാറ്റിവെക്കുന്നതിനുള്ള വർക്ക് ഓർഡർ നൽകിയിട്ടുണ്ട്. എന്നാലും നടപടികൾ പൂർത്തിയായി കംപ്രസർ യൂണീറ്റിന്റെ തകരാർ പരിഹരിക്കാൻ രണ്ടാഴ്ചയോളം ഇനിയും വേണ്ടിവരും. കായംകുളത്ത് വേറെ എവിടെയും മോർച്ചറി ഇല്ല. അതിനാൽ തന്നെ അപകടമരണമോ ആത്മഹത്യയോ ഉണ്ടായാൽ അവരുടെ മൃതദേഹം കൊണ്ടുവെക്കാൻ മറ്റുള്ള സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരും.

....................

# നാല് ഫ്രീസർ യൂണിറ്റുകൾ
താലൂക്കാശുപത്രിയിലെ മോർച്ചറിയിൽ നാല് ഫ്രീസർ യൂണീറ്റാണുള്ളത്. ഒരു ദിവസത്തേക്ക് 600 രൂപയാണ് ഒരു ഫ്രീസറിന് ഈടാക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ഒരു ഫ്രീസറിന് 1500 രൂപവരെ ഈടാക്കും. കംപ്രസർ യൂണീറ്റ് മാറ്റിവച്ചാൽ മാത്രമേ ഫ്രീസറിന്റെ പ്രവർത്തനം സാധാരണനിലയിലാകുകയുള്ളു. കംപ്രസർ യൂണീറ്റ് മാറ്റിവയ്ക്കുന്നതിന് ക്വട്ടേഷൻ വിളിച്ചിരുന്നു.