
മാന്നാർ: അമിത പലിശ ഈടാക്കി അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം കേരള പൊലിസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ ഷൈലോക് റെയ്ഡ് മാന്നാറിലും നടന്നു. വാഹനങ്ങളും അവയുടെ ആർ.സി ബുക്ക് ഉൾപ്പടെയുള്ള രേഖകളും മുദ്രപത്രവും, ചെക്കുകളും ഈടായി വാങ്ങി പണം കടം കൊടുത്ത് അമിത പലിശ വാങ്ങിയ യുവാവിനെതിരെ പൊലിസ് കേസെടുത്തു. മാന്നാർ കുരട്ടി ശ്ശേരി കോവുംപുറത്ത് നൗഫലി (30) നെതിരെയാണ് മാന്നാർ പൊലീസ് കേസെടുത്തത്.
വാഹനങ്ങൾ പണയമായി സ്വീകരിച്ചും മറ്റും പണം നൽകി അമിത പലിശ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് മാന്നാർ പൊലീസ് സ്റ്റേഷനിൽ നൗഫലിനെതിരെ നിരവധി പരാതികൾ നേരത്തെ ലഭിച്ചിരുന്നു. പതിനായിരം രൂപ കടം വാങ്ങിയാൽ ദിവസേന ആയിരം രൂപ പലിശ ഈടാക്കിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. നൗഫലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പണം നൽകുന്നതിന് ഈടായി വാങ്ങിയ നിരവധി വാഹനങ്ങളുടെ 35 ൽ അധികം ആർ.സി ബുക്കുകളും, മുദ്രപത്രങ്ങൾ, തുകയും തീയതിയും രേഖപ്പെടുത്താത്ത പലരുടെ പേരിലുള്ള ചെക്ക് ലീഫുകൾ തുടങ്ങിയത കണ്ടെടുത്തു. പണയമായി സ്വീകരിച്ച വാഹനങ്ങൾ അനധികൃതമായി വാടകയ്ക്ക് നൽകിയിരിക്കുന്നതിനാൽ ഇവ കണ്ടെത്തുന്നതിനായും പ്രതിയെ പിടികൂടുന്നതിനായും അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.