
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചുറ്റുമതിൽ പൂർണമല്ലാത്തത് ആശുപത്രിയുടെ സുരക്ഷക്ക് ഭീഷണിയാകുന്നു. ആശുപത്രിക്കു പിന്നിൽ തെക്കുഭാഗത്തായുള്ള പി.ജി .ക്വാർട്ടേഴ്സ്, നഴ്സിംഗ് ക്വാർട്ടേഴ്സിനും പടിഞ്ഞാറ് ഭാഗത്തും കിഴക്ക് ഭാഗത്തും ചുറ്റുമതിൽ ഇല്ലാത്തതാണ് സുരക്ഷ പൂർണമല്ലാതാകാൻ കാരണം. രാത്രി കാലങ്ങളിൽ സാമൂഹ്യ വിരുദ്ധർ കോമ്പൗണ്ടിനുള്ളിൽ ഇതു വഴിയാണ് കടക്കുന്നത്. തെക്ക് ഭാഗത്ത് നിന്ന് സാമൂഹ്യ വിരുദ്ധർ ഉള്ളിൽ കടന്ന് പി.ജി .ക്വോർട്ടേഴ്സിന് മുൻവശത്ത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ തമ്പടിച്ച് മദ്യ പാനവും , മയക്കുമരുന്ന് ഉപയോഗവും നടത്തി വരുന്നതായി പരാതി ഉയരുന്നു.പി.ജി.ക്വാർട്ടേഴ്സിലേക്കും നഴ്സിംഗ് ക്വാർട്ടേഴ്സിലേക്കും ആശുപത്രിയിൽ നിന്നും 500 മീറ്ററോളം ദൂരം ഇതുവഴി വിജനമായ റോഡിലൂടെ വേണം യാത്ര ചെയ്യാൻ.ലേഡീസ് ഹോസ്റ്റലിന് വടക്ക് പടിഞ്ഞാറ് ഭാഗം തീര ദേശ റെയിൽ പാതയാണ് . ഈ ഭാഗത്ത് ചുറ്റു മതിൽ ഇല്ലാത്തതിനാൽ തീര ദേശത്തു നിന്ന് സാമൂഹ്യ വിരുദ്ധർ ആശുപത്രിയിൽ പ്രവേശിക്കുന്നതിനും, ആശുപത്രിയിൽ നിന്നും മോഷണം നടത്തി തിരിച്ചു പോകുന്നതിനും ഇടയാക്കുന്നു. ദേശീയ പാതയിൽ നീർക്കുന്നത്ത് നിന്നും കാൽനടയായും സാമൂഹ്യ വിരുദ്ധർക്ക് ഇവിടേക്ക് പ്രവേശിക്കുന്നതിന് എളുപ്പമാണ്.
....................
# സന്ധ്യ കഴിഞ്ഞാൽ യാത്രാദുരിതം
1. ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് രാത്രി മടങ്ങുന്ന വർക്കും രാത്രിയിലും പുലർച്ചയിലും ആശുപത്രിയിലേക്ക് കാൽ നടയായി ഡ്യൂട്ടിക്ക് പോകുന്നവരും ഭയന്നാണ് യാത്ര ചെയ്യുന്നത്.
2. ആശുപത്രിയിൽ ആകെ എയ്ഡ് പോസ്റ്റിലുള്ളത് 3 പൊലീസ് കാർ മാത്രമാണ്.ഇവർക്ക് ആശുപത്രിക്കകത്തും അത്യാഹിത വിഭാഗത്തിനു സമീപവും തന്നെ ജോലിയുണ്ട്.
3. കോമ്പൗണ്ടിൽ പരിശോധന നടത്തണമെങ്കിൽ കൂടുതൽ പൊലീസുകാരും സംവിധാനങ്ങളും ആവശ്യമാണ്
............
ആശുപത്രി പരിസരത്ത് രാത്രി കാലങ്ങളിൽ മദ്യ മയക്കുമരുന്ന് ഉപയോഗവും ,വിൽപ്പനയും നടക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്. മോഷ്ടാക്കൾക്കും അക്രമികൾക്കും യഥേഷ്ടം അകത്തു കടക്കാൻ പറ്റും. സുരക്ഷാ സംവിധാനവും കുറവാണ്
- ഹസൻ പൈങ്ങാമഠം പൊതുപ്രവർത്തകൻ