
ആലപ്പുഴ: കുന്നംകുളം ലോക്കപ്പ് മർദ്ദനത്തിലെ പ്രതികളെ വിചാരണ ചെയ്ത് ജയിലടയ്ക്കുന്നതിനു പകരം രക്ഷിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് പാർട്ടിക്ക് അത്തരക്കാരെ നേരിട്ട് വിചാരണയ്ക്ക് വിധേയമാക്കേണ്ടി വരുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് പറഞ്ഞു. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വി.എസ്. സുജിത്തിനെ അതിക്രൂരമായി മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് സർവീസിൽ നിന്ന് പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് ആലപ്പുഴ സൗത്ത് ബ്ലോക്കിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നോർത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. സൗത്ത് പൊലീസ് സ്റ്റേഷനിൽ നടന്ന പ്രതിഷേധം സൗത്ത് ബ്ലോക്ക് ആക്ടിംഗ് പ്രസിഡന്റ് ജി. സഞ്ജീവ് ഭട്ടും നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധം നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എ. സാബുവും ആദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. നെടുമുടി ഹരികുമാർ, കെ.പി.സി.സി സെക്രട്ടറി മോളി ജേക്കബ്, മുൻ ബ്ലോക്ക് പ്രസിഡന്റ് സി.വി. മനോജ്കുമാർ, ഡി.സി.സി അംഗം ബഷീർ കോയാപറമ്പൻ, കെ. നൂറുദ്ദീൻ കോയ, സീനത്ത് നാസർ, ഷെഫീക്ക് പാലിയേറ്റീവ്, വയലാർ ലത്തിഫ്, നസീം ചെമ്പകപ്പള്ളി, മാത്യു ചെറുപറമ്പൻ, എ. കബീർ, ആർ. ബേബി, ജയശങ്കർ പ്രസാദ്, ഷോളി സിദ്ധകുമാർ, കെ.എസ്. ഡൊമിനിക്ക്, ഷിജു താഹ, തോമസ് ജോസഫ്, ടി.വി. രാജൻ, റീഗോ രാജു, സിറിയക്ക് ജേക്കബ്, എസ്. ഗോപകുമാർ, കെ. വേണുഗോപാൽ, അമ്പിളി അരവിന്ദ്, കെ.എൻ. ഷെറീഫ് തുടങ്ങിയവർ സംസാരിച്ചു.