
കായംകുളം :കായംകുളത്ത് ആക്രിക്കടയ്ക്ക് നേരെ സ്ഫോടക വസ്തു എറിഞ്ഞവരെ പൊലീസ് തിരിച്ചറിഞ്ഞു. നൗഫൽ, ഉനൈസ് എന്നിവരെയാണ് സി.സി.ടി.വി ദ്യശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞത്. നൗഫൽ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലും ഉനൈസ് വധശ്രമ കേസിലും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും കായംകുളം ഡിവൈ,എസ്.പി ബിനുകുമാർ, സി.ഐ അരുൺ ഷാ എന്നിവർ പറഞ്ഞു.
ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് കീരിക്കാട് തെക്ക് തൈയ്യിൽ വടക്കതിൽ സുൾഫിയുടെ പുളിമുക്കിന് സമീപമുള്ള ജയ് ഹിന്ദ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന് നേരെ ആക്രമണം ഉണ്ടായത്. ഒരു ബൈക്കിലെത്തിയ രണ്ട്പേർ മാരകായുധങ്ങൾ ഉപയോഗിച്ച് ഗ്ളാസുകൾ തല്ലിത്തകർത്ത ശേഷം അമിട്ട് കത്തിച്ച് എറിയുകയായിരുന്നു. ഒരെണ്ണം പൊട്ടിയെങ്കിലും രണ്ടാമത്തേത് പൊട്ടിയില്ല. ഈ സമയം സ്ഥാപനത്തിൽ ഉണ്ടായിരുന്ന അക്കൗണ്ടന്റ് അരുൺ ഓടി രക്ഷപ്പെട്ടു. കടയ്ക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു.
സ്ഫോടകവസ്തു വിദഗ്ദരും ഫോറൻസിക് അധികൃതരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിയ്ക്കുകയും പൊട്ടാത്ത അമിട്ട് നിർവ്വീര്യമാക്കുകയും ചെയ്തു.
ഒഴിവാക്കിയതിന്റെ പ്രതികാരം
സുൾഫിയുടെ അനുജൻ സിദ്ധിഖിന്റെ കൂട്ടാളികളായിരുന്നു ഇവർ.വൻതോതിൽ ആക്രി ബിസിനസ് നടത്തുന്ന സുൾഫിയെ സഹായിക്കാൻ ഇവരെ നേരത്തെ കൂടെകൂട്ടുകയും ധനസഹായം നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ അത് നിറുത്തിയതാണ് ആക്രമണത്തിന് കാരണം. രണ്ടാഴ്ചമുമ്പ് സിദ്ധിഖിനെ ഇവർ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചിരുന്നു. ഇതിന് കേസ് നിലവിലുണ്ട്.