sushama

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്നു നടക്കുന്ന റെഡ് വോളന്റിയർ പരേഡിൽ തോപ്പിൽ ഭാസിയുടെ മകൻ അജയന്റെ ഭാര്യ ഡോ.സുഷമ അജയനും പങ്കെടുക്കും. വള്ളികുന്നത്തെ പാർട്ടി ഘടകത്തിൽ നിന്നുള്ളവർക്കൊപ്പമാണ് ആരോഗ്യ വകുപ്പിലെ റിട്ട.സിവിൽ സ‌ർജനായ സുഷമ പരേഡിനെത്തുക.

അച്ഛനെപ്പോലെ കമ്മ്യൂണിസത്തെ ജീവശ്വാസമായി കണ്ട പ്രിയതമൻ പരേതനായ അജയന്റെ ആഗ്രഹപ്രകാരമാണ് സുഷമ സി.പി.ഐയിൽ അംഗത്വമെടുത്തത്. പ്രഥമ സ്പീക്കർ ശങ്കരനാരായണൻ തമ്പിയുടെ സഹോദരൻ ഡോ.രാമകൃഷ്ണൻ തമ്പിയുടെ മകളായ സുഷമയ്ക്ക് വിവാഹത്തിന് മുമ്പേ രക്തത്തിൽ അലിഞ്ഞതാണ് കമ്മ്യൂണിസം.

വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്രിക്ക് കീഴിൽ സജീവ പ്രവർത്തകയാണ് 73കാരിയായ സുഷമ. മറ്റു 33 പേർക്കൊപ്പം രണ്ടാഴ്ചയോളം പരിശീലിച്ചാണ് റെഡ് വോളന്റിയർ കുപ്പായമണിഞ്ഞത്. മക്കളായ പാർവതി (യു.എസ്.എ), പ്രൊഫ.ലക്ഷ്മി (വിദ്യ അക്കാഡമി എൻജിനിയറിംഗ് കോളേജ്, തിരുവനന്തപുരം) മരുമക്കളായ ബിജിത്ത് (യു.എസ്.എ), ഹരി(എൻജിനിയർ, കെൽട്രോൺ) എന്നിവരുടെ പിന്തുണയുമുണ്ട്.