ambala

അമ്പലപ്പുഴ: കണ്ണൂർ ജില്ലയിലെ പിണറായി ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ ബാല സൗഹൃദ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കാൻ എത്തി . പ്രസിഡന്റ് രാജീവന്റെ നേതൃത്വത്തിലാണ് 25 അംഗ പ്രതിനിധികൾ എത്തിയത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംഘത്തിലുണ്ട്. ഗ്രാമപഞ്ചായത്ത് ഓഫീസിൽ കുടുംബശ്രീ പ്രവർത്തകർ ചന്ദനം തൊട്ട് പ്രതിനിധികളെ സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ബാലസൗഹൃദ ബുക്ക് മയിൽപ്പീലിയുടെയും ബാല സൗഹൃദ ബഡ്ജറ്റിന്റെയും കോപ്പിയും അമ്പലപ്പുഴ പാൽപ്പായസവും പതിനിധികൾക്ക് നൽകി. ഗ്രാമപഞ്ചായത്തിലെ മീറ്റിംഗിന് ശേഷം വിവിധ അങ്കണവാടികൾ, സ്കൂളുകൾ, കുടുംബാരോഗ്യ കേന്ദ്രം, ഫിറ്റ്നസ് സെന്റർ തുടങ്ങിയ വികസന മുന്നേറ്റങ്ങൾ കണ്ടാണ് അവർ മടങ്ങിയത്.

വൈസ് പ്രസിഡന്റ് നെല്ലിക്ക അനിത, സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷരായ വേണുഗോപാൽ, പ്രമീള, ഐ.സി.ഡി.എസ് സൂപ്പർവൈസർ സൂര്യ, വി.ഇ.ഒ ലത, വിമൺ ഫെസിലിറ്റേറ്റർ നവീന , ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥരായ നിജിൽ, റിജിൽ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു. ഗ്രാമ പഞ്ചായത്തിൽ എത്തിയ പ്രതിനിധികളെ പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ്,വൈസ് പ്രസിഡന്റ് സുധർമഭുവനചന്ദ്രൻ , സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മാരായ സുലഭഷാജി,എൻ.കെ ബിജുമോൻ , സെക്രട്ടറി സ്മിത , ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. പുന്നപ്ര സമരഭൂമിയും സന്ദർശിച്ചാണ് സംഘം മടങ്ങിയത്.