
ആലപ്പുഴ: പുതിയ സ്കൂൾ കെട്ടിടങ്ങൾ കുട്ടികളുടെ ഭാവിക്കായുള്ള നിക്ഷേപമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുറച്ചു വർഷങ്ങളായി പൊതുവിദ്യാലയങ്ങളെ മികച്ച നിലവാരത്തിലേക്കുയർത്താൻ സർക്കാർ പരിശ്രമിച്ചിട്ടുണ്ട്. പ്ലാൻ ഫണ്ടിലും എം.എൽ.എയുടെ ആസ്തി വികസനപദ്ധതിയിലും ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിലാണ് പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ഇരുനിലകളിലായി ആകെ 15580 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ നാല് ഹയർ സെക്കൻഡറി ക്ലാസ് മുറികൾ, ആറ് ഹൈസ്കൂൾ ക്ലാസ് മുറികൾ, ഓപ്പൺ സ്റ്റേജ് എന്നിവ ഒരുക്കിയിട്ടുണ്ട്. ഓരോ ക്ലാസ് മുറിയോടും ചേർന്ന് ആക്ടിവിറ്റി ഏരിയയും ഉൾപ്പെടുത്തി. ഇവ സ്മാർട്ട് ക്ലാസ് മുറികളാക്കാൻ സാധിക്കും.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ.ടി.വി. അജിത്ത് കുമാർ, പി.പി. സംഗീത, ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ. റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, സ്ഥിരംസമിതി അദ്ധ്യക്ഷരായ ഉദയമ്മ, എം.എസ്. സന്തോഷ്, കെ.പി. ഉല്ലാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം വി.എം.തിലകമ്മ, പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ എ. നിഹാൽ, ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.സുധ, പ്രിൻസിപ്പൽ എൻ. മഞ്ജു, പി.ടി.എ പ്രസിഡന്റ് വി.വി. മോഹൻദാസ്, വൈസ് പ്രിൻസിപ്പൽ കെ. അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.