
മാന്നാർ: ഒരു പതിറ്റാണ്ടിലേറെയായി വാസയോഗ്യമല്ലാതിരുന്ന വീട്ടിൽ കഴിഞ്ഞിരുന്ന നിരണം ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡ് കാട്ടിത്തറയിൽ കുടുംബത്തിന് പ്രസീദ് മോന്റെ സ്മരണയിൽ 'ചോരാത്ത വീട്' സമർപ്പിച്ചു. കൂലിപ്പണിക്കാരനായ പുഷ്പാകരൻ - രാജമ്മ ദമ്പതികളും മകൻ സെറിബ്രൽ പാൾസി രോഗം ബാധിച്ച നിരണം സെൻട്രൽ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി പ്രസീദ് അടക്കം മൂന്ന് വിദ്യാർത്ഥികളും അടങ്ങുന്ന കുടുംബം ചോർന്നൊലിക്കുന്ന ഷെഡിലായിരുന്നു താമസം. തിരുവല്ല ബി.ആർ.സി യിലെ അദ്ധ്യാപിക ജ്യോൽസ്ന, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും പരുമല സെമിനാരി സ്കൂൾ റിട്ട. ഹെഡ് മാസ്റ്ററുമായ അലക്സാണ്ടർ പി.ജോർജിനോട് ഈ കുടുംബത്തിന്റെ ദയനീയ സ്ഥിതി അറിയിച്ചതനുസരിച്ച് ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ കരീം വീട് നിർമ്മിച്ച് നൽകാൻ മുന്നിട്ടിറങ്ങുകയായിരുന്നു. മുംബയ് എം.ജി.എം പ്രിന്റ് ടെക് പ്രൈവറ്റ് ലിമിറ്റഡ്, എം.ഡി. റെനിഫിലിപ്പോസ് പുത്തൻ പറമ്പിലിന്റെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് വീട് നിർമ്മിച്ച് നൽകിയത്. നിർമ്മാണം പൂർത്തീകരിച്ച വീട് കാണാൻ കാത്ത് നിൽക്കാതെ, സെറിബ്രൽ പാൾസി രോഗ ബാധിതനായിരുന്ന പ്രസീദ് കഴിഞ്ഞ ജൂൺമാസത്തിൽ മരിച്ചിരുന്നു. പ്രസീദിന്റെ സ്മരണ നിറഞ്ഞ വീടിന്റെ താക്കോൽ ദാനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിച്ചു. ചോരാത്ത വീട്പദ്ധതിചെയർമാൻ കെ.എ. കരീം അദ്ധ്യക്ഷത വഹിച്ചു. റെനി ഫിലിപ്പോസ് പുത്തൻ പറമ്പിൽ മുഖ്യാതിഥിയായി. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ എബ്രഹാം, തിരുവല്ല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.കെ. മിനി കുമാരി , ഗ്രാമപഞ്ചായത്തംഗങ്ങളായ എം.ജി. രവി, അലക്സ് പുത്തുപള്ളിൽ, പദ്ധതി കോഡിനേറ്റർ അലക്സാണ്ടർ പി.ജോർജ്ജ്, ഡൊമിനിക് ജോസഫ്, പദ്ധതി ജനറൽ കൺവീനർ റോയി പുത്തൻ പുരയ്ക്കൽ, ഷാജി ഷാലിമാർ, ഹാറൂൺ മജീദ് എന്നിവർ പ്രസംഗിച്ചു. ചോരാത്തവീട് പദ്ധതിയിൽ നിർമ്മിക്കുന്ന 49-ാമത് വീടാണിത്.