
ഹരിപ്പാട്: കായംകുളം മത്സ്യബന്ധന തുറമുഖത്തിന്റെ വടക്കേക്കരയായ വലിയഴീക്കലിൽ വിശാലമായ കടൽത്തീരം രൂപപ്പെട്ടു. ഒന്നര കിലോമീറ്ററോളം നീളത്തിലും 50 മീറ്ററിലധികം വീതിയിലുമുളള കടപ്പുറമാണ് രൂപപ്പെട്ടത്. നേരത്തേ ഇവിടെ പുലിമുട്ടിനോട് ചേർന്ന് കുറച്ചു തീരം മാത്രമേ ഉണ്ടായിരുന്നുളളൂ. തുറമുഖത്തിനായി കായംകുളം പൊഴിയിൽ പുലിമുട്ട് നിർമിച്ചിട്ട് 21 വർഷത്തോളമായി. അതിനുശേഷം ആദ്യമായാണ് വടക്കുവശത്ത് കരവയ്ക്കുന്നത്.
കടൽ ശാന്തമായതിനാൽ, ബീച്ചിൽ ഉല്ലസിക്കാനും വലിയഴീക്കൽ പാലവും ലൈറ്റ് ഹൗസും കാണാനും ഓണക്കാലത്ത് വിനോദസഞ്ചാരികളുടെ ഒഴുക്കായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ കൂടി മെച്ചപ്പെടുത്തിയാൽ ഇനിയുമേറെ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും. ഹാർബറിന്റെ തെക്കേക്കര കൊല്ലം ജില്ലയുടെ ഭാഗമായ ആലപ്പാട് അഴീക്കലാണ്. ആയിരക്കണക്കിന് ആളുകൾ ദിനംപ്രതിയെത്തുന്ന പ്രധാന വിനോദസഞ്ചാരകേന്ദ്രമാണിത്. ഇവിടം ഏറെ കടത്തീരമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ജൂൺ മുതൽ വലിയ തോതിൽ കടലെടുത്തുപോയി. ഇരിപ്പിടമായി കടൽ ഭിത്തിയോട് ചേർന്ന് നീളത്തിൽ കെട്ടിയുണ്ടാക്കിയ പടികളിലേക്കാണ് ഇപ്പോൾ തിര അടിച്ചു കയറുന്നത്. മുൻപ് അഴീക്കലിൽ ഇത്തരത്തിൽ കരപോയെങ്കിലും പിന്നീട് പഴയതുപോലെ തന്നെ തിരികെ വന്നിട്ടുണ്ട്.
എത്രനാൾ നിലനിൽക്കുമെന്നറിയില്ല
ഇവിടെ മുക്കാൽ കിലോമീറ്ററിൽ താഴെയുള്ള പ്രദേശത്തിനുള്ളിൽ മാറ്റമുണ്ടായത് കൗതുകക്കാഴ്ചയാണ്
എന്നാൽ, എത്രനാൾ തീരം ഇങ്ങനെ തന്നെ നിലനിൽക്കുമെന്നത് പറയാനാകില്ല
സാധാരണ പുലിമുട്ടിന്റെ തെക്കുവശമാണ് കരവെക്കാറുളളത്. ഇതിനു വിപരീതമായാണ് ഇപ്പോൾ ഇങ്ങനെയൊരു പ്രതിഭാസമുണ്ടായത്
കര വയ്ക്കുകയും കര എടുക്കുകയും ചെയ്യുന്നത് കടലിന്റെ സ്വഭാവമാണ്
- തീരദേശവാസികൾ