
തുറവൂർ : ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉയരപ്പാത നിർമ്മാണം നടക്കുന്ന തുറവൂരിനും അരൂരിനും ഇടയിൽ പൊടിശല്യം രൂക്ഷമായതോടെ യാത്രക്കാർ കൊടുംദുരിതത്തിൽ. മഴമാറിയതോടെയാണ് ഒരിടവേളയ്ക്ക് ശേഷം പൊടിശല്യം വീണ്ടും രൂക്ഷമായത്. തൊട്ടുമുന്നിൽ പോകുന്ന വാഹനത്തിന്റെ കാഴ്ച പോലും മറയ്ക്കുന്ന തരത്തിൽ പൊടി ഉയരുന്നതിനാൽ ഇരുചക്ര വാഹനയാത്രക്കാർ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുന്നത്. കാൽനടയാത്രക്കാരരും ഏറെ വലയുന്നുണ്ട്. സമീപത്തെ കടക്കാരും പൊടിശല്യത്താൽ ബുദ്ധിമുട്ടുകയാണ്.
തെക്കൻ മേഖലയിൽ നിന്ന് ഇരുചക്ര വാഹനങ്ങളിൽ ഉൾപ്പെടെയെത്തുന്ന യാത്രക്കാർ തീരദേശ റോഡ് വഴിയും കിഴക്കൻ മേഖലയിലുള്ള സമാന്തരപാതവഴിയുമാണ് എറണാകുളത്തേക്ക് ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഇപ്പോൾ പോകുന്നത്. ഇതുമൂലം യാത്രയ്ക്കായി കൂടുതൽ സമയം ആവശ്യമായി വരുന്നു.
വെള്ളം തളിക്കണം, നടപ്പാകുന്നില്ല
പൊടിശല്യം നിയന്ത്രിക്കാൻ കരാറുകാർ ടാങ്കറിൽ വെള്ളം എത്തിക്കണമെന്ന് വ്യവസ്ഥ ഉണ്ടെങ്കിലും അത് നടക്കാത്തതാണ് പ്രശ്നം രൂക്ഷമാക്കുന്നത്
മഴ മാറിയതോടെ കുറുകിയടിഞ്ഞ ചെളി ഉണങ്ങി ഉയരുന്ന പൊടിയാണ് ദേശീയ പാതയിൽ പ്രശ്നം സൃഷ്ടിക്കുന്നത്.
ദേശീയപാതയോരത്ത് വീടുള്ളവരും വ്യാപാരികളും പൊടി മൂലം ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ട് ചികിത്സ തേടുന്നത് നിത്യസംഭവമായി
നിർമ്മാണം ആരംഭിച്ചത് മുതൽ മഴയായാലും വെയിലായാലും യാത്രക്കാർക്ക് ദുരിതം തന്നെയെന്നതാണ് ഇവിടുത്തെ അവസ്ഥ
മഴക്കാലത്ത് ചെളിനിറഞ്ഞ് കാൽനടയാത്ര പോലും സാദ്ധ്യമല്ലാത്ത സ്ഥിതിയിലായിരുന്നു റോഡ്
പൊടിശല്യത്തിന് പരിഹാരം കാണാൻ ജില്ലാ ഭരണകൂടം തയ്യാറാകുന്നില്ല. കരാർ കമ്പനി ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകും
- നാട്ടുകാർ