
മാവേലിക്കര : തട്ടുകളിട്ടും പിക്കപ്പ് വാനുകൾ നിർത്തിയിട്ടും റോഡിന്റെ വശങ്ങളിലും റോഡ് കൈയ്യേറിയും നടത്തുന്ന മീൻ വിൽപ്പന തകൃതിയായി നടക്കുന്നതിനാൽ മാവേലിക്കര നഗരത്തിൽ ഗതാഗത കുരുക്കും ചെറിയ അപകടങ്ങളും പതിവായി. തിരക്കേറിയ റോഡുകളിലും ജംഗ്ഷനുകളിലുമാണ് മത്സ്യക്കച്ചവടം നടത്തുന്നത്. ഇനവും തൂക്കവും പറഞ്ഞാൽ മീൻ കാറിൽ എത്തിച്ചുകൊടുക്കുന്നതിനാൽ റോഡിൽ തന്നെ വാഹനം നിർത്തിയിട്ടാണ് പലരും മീൻ വാങ്ങാറുള്ളത്. ഇതാണ് ഗതാഗത കുരുക്കിന്റ പ്രധാന കാരണം. ഇരുചക്രവാഹനങ്ങളിൽ എത്തുന്നവരും റോഡിൽ വാഹനം നിറുത്തിയിട്ടാണ് മീൻ വാങ്ങുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. 9ന് വൈകിട്ട് പവർഹൗസിനും കോടതി ജംഗ്ഷനും ഇടയിൽ ഇത്തരത്തിൽ അപകടം ഉണ്ടായിരുന്നു. ഇരുചക്രവാഹനം നിർത്തി മത്സ്യം വാങ്ങുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു.
നടപടി പേരിന് പോലുമില്ല
റോഡ് കൈയ്യേറിയുള്ള അനധികൃത മത്സ്യ കച്ചവടത്തിനെതിരെ പരാതികൾ ഉയർന്നിട്ടും നടപടി ഉണ്ടായിട്ടില്ല
ഇതോടെ കച്ചവടക്കാരുടെ എണ്ണം നാൾക്കുനാൾ കൂടി വരികയാണെന്ന് നാട്ടുകാർ പറയുന്നു
നടപടി സ്വീകരിക്കേണ്ട നഗരസഭയും പൊലീസും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്
പ്രധാന കച്ചവട സ്ഥലങ്ങൾ
മാവേലിക്കര നഗരത്തിൽ ഏതാണ്ട് 30-40 വരെ കച്ചവടക്കാരാണ് ദിവസേന എത്തുന്നത്. ഇതിൽ പകുതിയും പുന്നംമൂട് റോഡിലാണ്. ജില്ലാ ആശുപത്രി ജംഗ്ഷനിൽ നിന്ന് തുടങ്ങി പുതിയകാവ് പാലം, പ്രായിക്കര, സ്വകാര്യ ബസ് സ്റ്റാന്റ് ജംഗ്ഷൻ, എ.ആർ ജംഗ്ഷൻ, കണ്ടിയൂർ, തട്ടാരമ്പലം എന്നിവിടങ്ങളിലാണ് കച്ചവടം. മാവേലിക്കര -പുന്നംമൂട് റോഡിൽ പവർഹൗസ് ജംഗ്ഷൻ മുതൽ ആനയടിക്കാവ് ബീവറേജസ് ഔട്ട്ലെറ്റ് വരെ ഇടതടവില്ലാതെ വാഹനത്തിൽ കൊണ്ടുവന്നും തട്ടിട്ടും മത്സ്യക്കച്ചവടം നടത്തുന്നുണ്ട്.