ആലപ്പുഴ: കേരള സംഗീത നാടക അക്കാദമി, കേന്ദ്ര കലാസമിതി, ശ്രീരാജരാജേശ്വരി സംഗീത സഭ എന്നിവർ ചേർന്ന് എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു വരുന്ന സംഗീതോത്സവത്തിന്റെ സമാപനം ഇന്ന് ആലപ്പുഴ കൊട്ടാരം ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് 3ന് ഇരുപതോളം സംഗീത കലാകാരന്മാർ ചേർന്നു പഞ്ചരത്ന കീർത്തനാലാപനം നടത്തും. വൈകിട്ട് 5ന് മന്ത്രി സജി ചെറിയാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനാകും. അജിത്ത് നമ്പൂതിരി പ്രഭാഷണം നടത്തും. മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് സംഗീത പ്രതിഭകളെ ആദരിക്കും. 6ന് സംഗീത സദസ്. ചടങ്ങിൽ മുതിർന്ന സംഗീത കലാകാരന്മാരെ ആദരിക്കുമെന്നും ശ്രീരാജരാജേശ്വരി സംഗീത സഭ പ്രസിഡന്റ് പി.വെങ്കിട്ടരാമ അയ്യർ, കേന്ദ്ര കലാസമിതി പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ, എച്ച്.സുബൈർ,എം.ആർ.പ്രേം എന്നിവർ പറഞ്ഞു.