ആലപ്പുഴ: നെഹ്‌റുട്രോഫി ജലമേളയിൽ ഫൈനലിൽ രണ്ട് മുതൽ നാല് വരെ സ്ഥാനങ്ങളിലെത്തിയ ചുണ്ടൻവള്ളങ്ങളെ അയോഗ്യരാക്കില്ല. അന്തിമ വിജയികളെ ഈ മാസം 19ന്‌ ശേഷം പ്രഖ്യാപിക്കും. നിലവിലെ തീരുമാനപ്രകാരം നടുഭാഗം രണ്ടാമതും മേൽപ്പാടം മൂന്നാമതും നിരണം നാലാം സ്ഥാനത്തും തുടരും. അടുത്താഴ്‌ച സി.ബി.എൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കേയാണ് പ്രശ്‌നത്തിന്‌ പരിഹാരമായത്‌. അയോഗ്യത നീക്കിയതോടെ ഈ ചുണ്ടനുകൾക്ക്‌ സി.ബി.എല്ലിൽ മത്സരിക്കാനാകും. ഫൈനൽ മത്സരത്തിൽ വീയപുരം ഒന്നാം സ്ഥാനം നേടിയിരുന്നു. എന്നാൽ മറ്റു ചുണ്ടനുകൾക്കെതിരെ പരാതി ഉയ‌ർന്നു. എ.ഡി.എം ചെയർമാനായ ജൂറി ഓഫ്‌ ആപ്പിലാണ്‌ പരാതി പരിഗണിച്ചത്‌. ഇന്നലെ ചേർന്ന ജൂറി ഓഫ്‌ അപ്പിലിൽ പരാതിക്കാരെയും വിളിച്ചു ചേർത്തിരുന്നു. രണ്ടാം സ്ഥാനത്ത്‌ എത്തിയ പുന്നമട ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ നടുഭാഗത്തിനെതിരെ നിശ്ചിത ശതമാനത്തിലധികം പ്രൊഫഷണൽ തുഴച്ചിൽക്കാരെ ഉപയോഗിച്ചുവെന്നതായിരുന്നു പരാതി. എന്നാൽ ഇക്കാര്യത്തിൽ തെളിവുകൾ സഹിതം ആരോപണം തെളിയിക്കാൻസാധിച്ചില്ല. പരാതിക്കാർക്കും തെളിവുകൾ ഹാജരാക്കാനായില്ല. റേസ്‌ കമ്മറ്റി സമർപ്പിച്ച റിപ്പോർട്ടിലും ക്രമക്കെടുകൾ കണ്ടെത്താൻ സാധിച്ചില്ല. പനത്തുഴക്ക്‌ പകരം തടിത്തുഴ ഉപയോഗിച്ചെന്നും പരാതി ഉണ്ടായിരുന്നെങ്കിലും ഇതും കണ്ടെത്താനായില്ല.
ആദ്യ സി.ബി.എൽ മത്സരം 19ന്‌ കൈനകരിയിലാണ്‌ നടക്കുന്നത്‌. വീയപുരം, നടുഭാഗം,മേൽപ്പാടം, നിരണം, പായിപ്പാടൻ, നടുവിലേപ്പറമ്പൻ, കാരിച്ചാൽ, ചെറുതന, ചമ്പക്കുളം, എന്നീ ചുണ്ടനുകൾ ഇത്തവണത്തെ സി.ബി.എല്ലിൽ പോരടിക്കും.