
അമ്പലപ്പുഴ: മാതാപിതാക്കളും ഗുരുവുമാണ് ഒരു വിദ്യാർത്ഥിയെ ഉത്തമ പൗരനാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതെന്ന് ഡോ. അലക്സാണ്ടർ ജേക്കബ് പറഞ്ഞു. ആലപ്പുഴ ചിന്മയ വിദ്യാലയത്തിന്റെ കനകദ്യുതി - ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദിവ്യവാണി പ്രഭാഷണ പരമ്പരയിൽ
ജീവിത വിജയത്തിനുതകുന്ന നാലു സോപാനങ്ങൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യം കണ്ടെത്തുക, ലക്ഷ്യത്തെ വിഭാവനം ചെയ്യുക, ലക്ഷ്യത്തിലൂന്നി പ്രയത്നിക്കുക, ഈശ്വരാധീനത്തിനായി പ്രാർത്ഥിക്കുക എന്നീ ഘട്ടങ്ങൾ ജീവിത വിജയം നേടാൻ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പൂജ്യ ഗുരുദേവ് സ്വാമി ചിന്മയാനന്ദജിയുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധവും അനുഭവങ്ങളും പങ്കുവച്ചു. പ്രൊഫ.ഡോ.ടി.ആർ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാലയ പ്രസിഡന്റ് ഡോ.കെ.നാരായണൻ, പ്രിൻസിപ്പാൾ ഡോ.രേഖ ആർ.എസ്, രക്ഷാകർതൃയോഗം പ്രതിനിധി ബാലചന്ദ്രൻ.ടി എന്നിവർ പങ്കെടുത്തു.