ആലപ്പുഴ: ആലപ്പുഴയിൽ എയിംസ് വരാതിരിക്കാനുള്ള ശ്രമമാണ് ജനപ്രതിനിധികൾ നടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.വി.ഗോപകുമാർ പറഞ്ഞു. എയിംസ് സ്ഥാപിക്കാൻ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പ്രഖ്യാപിച്ചിട്ടും ആലപ്പുഴയിൽ നിന്നുള്ള ജനപ്രതിനിധികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന ജനാവിഭാഗമാണ് ആലപ്പുഴയിലേത്. ഇത്തരം ആതുരാരോഗ്യ കേന്ദ്രം വരേണ്ടത് ആവശ്യമായത് കൊണ്ടാണ് തൃശൂരിൽ നിന്നുള്ള ജനപ്രതിനിധി ആയിട്ടും സുരേഷ് ഗോപി ആലപ്പുഴയ്ക്ക് വേണ്ടി സംസാരിച്ചത്. എന്നാൽ,​ ഇക്കാര്യത്തിൽ ഭരണപക്ഷമോ പ്രതിപക്ഷമോ ഇതുവരെ പ്രതികരിച്ചില്ല. കേന്ദ്ര ആരോഗ്യ മന്ത്രിയാണ് എയിംസ് ആലപ്പുഴയ്ക്ക് അനുവദിക്കാൻ തയ്യാറാണെന്ന് പറഞ്ഞത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ജനങ്ങളോട് എന്താണിത്ര വൈരാഗ്യമെന്നും അദ്ദേഹം ചോദിച്ചു. പൊലീസിന്റെ ലോക്കപ്പ് മർദ്ദനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ ഡിവൈ.എസ്.പി ഓഫീസിൽ നാളെ പ്രതിഷേധ മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.