ആലപ്പുഴ: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി നാടും നഗരവും ഒരുങ്ങി. ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ നാടെങ്ങും ഇന്ന് ശോഭാ യാത്രയും ഉറിയടി ഘോഷയാത്രയും നടക്കും. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം,തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ഉൾപ്പടെ ജില്ലയിലെ മുഴുവൻ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങളിലും ആഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ക്ഷേത്രങ്ങളിൽ ഇന്ന് രാവിലെ മുതൽ ആഘോഷം തുടങ്ങും. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ മുന്നൂറോളം കേന്ദ്രങ്ങളിൽ നടക്കുന്ന ശോഭാ യാത്രകളിൽ 10,000 കുട്ടികൾ കൃഷ്ണന്റെയും രാധയുടെയും തോഴിമാരുടെയും വേഷമണിഞ്ഞ് അണിനിരക്കും. അവതാര കഥകളുടെ ദൃശ്യാവിഷ്കരണവുമായി നിശ്ചലദൃശ്യങ്ങൾ, വാദ്യമേളങ്ങൾ, കലാരൂപങ്ങൾ, ഭജന സംഘങ്ങൾ അകമ്പടിയേകും.. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാവിലെ മുതൽ ഉറിയടിയും വൈകുന്നേരം ശോഭായാത്രകളുമായി വർണശബളമായിട്ടാകും ആഘോഷങ്ങൾ.
വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ സംഗമിച്ച് പ്രധാന നഗരങ്ങളിൽ മഹാശോഭായാത്ര നടത്തും.
ശോഭായാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ബാലഗോകുലം അറിയിച്ചു. അമ്പലപ്പുഴ കേന്ദ്രീകരിച്ച് തകഴി ,പുറക്കാട് ,അമ്പലപ്പുഴ ,വണ്ടാനം ,പുന്നപ്ര ,പറവൂർ തുടങ്ങിയ സ്ഥലങ്ങളിലായി മഹാശോഭയാത്ര അടക്കം വിപുലമായ ആഘോഷ പരിപാടികളാണ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടക്കുക. രാവിലെ അമ്പലപ്പുഴ മേഖലയിൽ പതിമൂന്നോളം സ്ഥലങ്ങളിൽ ഉറിയടി നടക്കും അമ്പലപ്പുഴയിൽ രാവിലെ 8ന് ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ നിന്ന് ഉറി യടിഘോഷയാത്ര ആരംഭിച്ച് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും .പുന്നപ്ര വടക്ക് മണ്ഡലത്തിൽ പുന്നപ്ര ,പറവുർ മേഖലകളിൽ നിന്നുള്ള ചെറുശോഭായാത്രകൾ സംഗമിച്ച് അറവുകാട് ശ്രീദേവീ ക്ഷേത്രത്തിൽ സമാപിക്കും. കായംകുളം പുതിയിടം ക്ഷേത്രം, മാവേലിക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, എന്നിവിടങ്ങളിലും ചേർത്തല ഭാഗത്തെ വിവിധ ക്ഷേത്രങ്ങളിലും വിപുലമായ പരിപാടികളോടെ ശ്രീകൃഷ്ണജയന്തി ആഘോഷം അരങ്ങേറും.