
ചേർത്തല : വയലാർ കായലിൽ പോള നിറഞ്ഞതോടെ ഉൾനാടൻ മത്സ്യബന്ധനവും കായൽയാത്രയും പ്രതിസന്ധിയിലായി. വയലാർ പാലത്തിനു കിഴക്കു ഭാഗത്ത് കിലോമീറ്ററോളം ദൂരത്തിലാണ് കായലിൽ പോള തിങ്ങിനിറഞ്ഞത്. മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന നൂറുകണക്കിന് പരമ്പരാഗത തൊഴിലാളികൾ കായലിലേക്ക് വള്ളം ഇറക്കാൻ പോലും കഴിയാതെ ബുദ്ധിമുട്ടുകയാണ്.
ആഴ്ചകളോളം തൊഴിൽ ചെയ്യാൻ കഴിയാതെ വന്നതോടെ ഓണക്കാലത്ത് ഇവവർ കടുത്ത ദുരിതത്തിലായിരുന്നു. പോള നിറഞ്ഞതോടെ മത്സ്യങ്ങളും വലിയതോതിൽ ചത്തുപൊങ്ങുന്നുണ്ട്.വഞ്ചിവീട്, ശിക്കാര വള്ളം, സ്പീഡ് ബോട്ട് തുടങ്ങിയവയിൽ സഞ്ചാരികളുമായി കായലിൽ യാത്ര ചെയ്യാൻ കഴിയാതെ വന്നതോടെ കായൽത്തീങ്ങളിൽ ചെറുകിട ടൂറിസം പദ്ധതികൾ ആരംഭിച്ചവരും പ്രതിന്ധിയിലായി. സഞ്ചാരികളുമായുള്ളകായൽ യാത്രകൾ ഒഴിവാക്കേണ്ടി വരുന്നതിനാൽ ഇവർക്ക് വലിയ നഷ്ടമാണ് ദിവസേനയുണ്ടാകുന്നത്.
വള്ളങ്ങൾ പോളയിൽപ്പെടും
മത്സ്യബന്ധനത്തിനു തൊഴിലാളികൾ ഇറങ്ങിയാൽ കെട്ടുകളായി നിറഞ്ഞു കിടക്കുന്ന പോളയിൽ വള്ളം കുടുങ്ങും
വേലിയേറ്റ സമയങ്ങളിൽ കായലിനോട് ബന്ധപ്പെട്ട് കിടക്കുന്ന ഇടത്തോടുകളിലേക്കും പോള ഒഴുകിയെത്തും
ജലയാത്ര മാത്രം ആശ്രയിക്കുന്നവർ യാത്രകൾ പൂർണമായും ഒഴിവാക്കേണ്ട അവസ്ഥയിലാണ്
അമിതമായി പോള നിറഞ്ഞു കിടക്കുന്നത് മത്സ്യസമ്പത്തിനും വലിയ ഭീഷണിയാണ്
പോള നീക്കം ചെയ്യാൻ സർക്കാർ തലത്തിൽ നടപടി വേണം. തൊഴിലെടുക്കാൻ പറ്റാത്ത സ്ഥിതിയിലാണ്
- മത്സ്യത്തൊഴിലാളികൾ