ആലപ്പുഴ : അനിയന്ത്രിതമായി ചൂട് കൂടിയതും കോഴിത്തീറ്റ വില കുത്തനെ ഉയർന്നതും കോഴിക്കർഷകരെ പ്രതിസന്ധിയിലാക്കി. 50 കിലോയുടെ ഒരുചാക്ക് കോഴിത്തീറ്റക്ക് മൂന്നുമാസത്തിനിടെ 300 രൂപയോളമാണ് കൂടിയത്.

കോഴികൾക്ക് പ്രീസ്റ്റാർട്ടർ, സ്റ്റാർട്ടർ, ഫിനിഷർ എന്നിങ്ങനെയാണ് തീറ്റ നൽകുന്നത്. കുഞ്ഞായിരിക്കേ നൽകുന്ന തരിയില്ലാത്ത തീറ്റയാണ് പ്രീ സ്റ്റാർട്ടർ, പ്രോട്ടീൻ കൂടുതലുള്ളതാണ് സ്റ്റാർട്ടർ, പിന്നത്തേതാണ് ഫിനിഷർ. 45 ദിവസം വരെയാണ് കോഴികളെ വളർത്തേണ്ടത്. ഒരു കോഴിക്ക് കുറഞ്ഞത് മൂന്നുകിലോ തീറ്റ വേണ്ടി വരും. വൈദ്യുതി, അറക്കപ്പൊടി എന്നിവയുടെ ചെലവ് കൂടി കൂട്ടിയാൽ നഷ്ടം പിന്നെയും കൂടും.രോഗങ്ങൾ കാരണം കോഴികൾ ചാകുന്നത് നഷ്ടം വർദ്ധിപ്പിക്കും. മരുന്ന്, വെള്ളം എന്നിവയ്ക്കും പണം വേറെ കണ്ടെത്തണം. വലിയ ഫാമുകളിൽ തൊഴിലാളികൾക്കുള്ള കൂലിയും വലിയ ബാദ്ധ്യതയാണ്. സ്വന്തമായി വളർത്തുന്നവർക്ക് പണിക്കൂലി പോലും പലപ്പോഴും ലഭിക്കാറില്ലെന്നും കർഷകർ പറയുന്നു. മണ്ഡലകാലം ആകുന്നതോടെ ഇനിയും കച്ചവടം കുറയാനാണ് സാദ്ധ്യതയെന്നാണ് കർഷകർ പറയുന്നത്.

കോഴിവളർത്തൽ കുറയുന്നു

1.വേനൽക്കാലത്ത് കോഴിയെ വളർത്താൻ വലിയ ബുദ്ധിമുട്ടാണെന്ന് കർഷകർ പറയുന്നു. അതിന് അനുസരിച്ച് പരിചരണം നൽകണം. എന്നാൽ,​ ഈ കഷ്ടപ്പാടിന് അനുസരിച്ചുള്ള ലാഭം ലഭിക്കുന്നുമില്ല

2. ലാഭം ലഭിക്കാതായതോടെ കർഷകർ കോഴിവളർത്തൽ കുറച്ചു. ഇത് കോഴിവില കൂടാൻ ഇടയാക്കി. ഒരാഴ്ചകൊണ്ട് കോഴി വിലയിൽ 25 രൂപയോളമാണ് കൂടിയത്.

135മുതൽ 140 രൂപവരെയാണ് ഇപ്പോഴത്തെ വില

3. ഒരാഴ്ചമുമ്പ് 20മുതൽ 25 വരെ വിലയുണ്ടായിരുന്ന കൊഴിക്കുഞ്ഞുങ്ങൾക്ക് ഇപ്പോൾ 40 രൂപയാണ് വില. തമിഴ്നാട്ടിൽ നിന്നാണ് കുഞ്ഞുങ്ങളെ എത്തിക്കുന്നത്. ഗതാഗത ചെലവ് അടക്കം വലിയ തുക ഈ ഇനത്തിൽ തന്നെ കർഷകർക്ക് നഷ്ടം വരുത്തും

കോഴിത്തീറ്റ വില

(നിലവിൽ, മൂന്ന് മാസം മുമ്പ്)

പ്രീ സ്റ്റാർട്ടർ: 2250, 1950

സ്റ്റാർട്ടർ: 2200, 1900

ഫിനിഷർ: 2150, 1850

കോഴി വില: 130-140

കോഴിക്കുഞ്ഞ്: 40

കോഴിക്കൃഷിയുമായി മുന്നോട്ട് പോകാൻ വലിയ ബുദ്ധിമുട്ടാണിപ്പോൾ. മേഖലിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണം.

-എസ്.കെ. നസീർ,​

സംസ്ഥാന ജനറൽ സെക്രട്ടറി,​

ഓൾ കേരള പൗൾട്രി ഫെഡറേഷൻ