
ആലപ്പുഴ : തത്തംപള്ളി ഭാഗത്ത് തെരുവ് നായ്ക്കളിലെ രോഗബാധ പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. തത്തംപള്ളി റെസിഡന്റ്‌സ് അസോസിയേഷൻ (ടി.ആർ.എ) പ്രദേശത്തെ മഠം, കുരിശടി റോഡുകളിലാണ് ഇത്തരം നായ്ക്കളെ കൂടുതലായി കാണപ്പെടുന്നത്. ശരീരം മുഴുവൻ മുറിവുകളോടെ എല്ലും തോലുമായ നിലയിലുള്ള നിരവധി നായ്ക്കളാണ് ഇവിടെയുള്ളത്. ഇവയ്ക്ക് ഏതുതരം രോഗമാണ് ബാധിച്ചിരിക്കുന്നതെന്നറിയില്ല.
ഇവ വളർത്തുനായ്ക്കളെയും മറ്റും കടിക്കുമോ, വളർത്തുമൃഗങ്ങളിലേക്ക് രോഗം പകരുമോ എന്ന ആശങ്കയാണ് പ്രദേശവാസികളെ അലട്ടുന്നത്. നായ്ക്കളെ പിടികൂടി ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഇതുവര നടപടി ഉണ്ടായില്ലെന്ന് തത്തംപള്ളി റെസിഡന്റ് സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. രോഗബാധയേറ്റ ചില നായ്ക്കൾ ചാവുകയും ചെയ്തിട്ടുണ്ട്.
മുറിവുകളുമായി നായ്ക്കൾ
നായ്ക്കളെ നഗരസഭയുടെ നേതൃത്വത്തിൽ പിടികൂടണമെന്നാണ് റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ ആവശ്യം
രോഗബാധയുള്ള നായ്ക്കളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയാൽ പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരമാകും
എ.ബി.സി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയാൽ ഇത്തരം പ്രതിസന്ധികൾ ഒഴിവാക്കാൻ കഴിയുമെന്നും പ്രദേശവാസികൾ
തെരുവ് നായ് ശല്യം രൂക്ഷമായിട്ടും നടപടി എടുക്കാത്തതിനെതിരെ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്
പ്രദേശവാസികൾ ആശങ്കയിലാണ്. നായ്ക്കളുടെ ശല്യം പ്രതിരോധിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണം
- തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ