alummood-puncha

മാന്നാർ: തകർന്നു കിടന്ന റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ ഏറെ സന്തോഷിച്ച നാട്ടുകാർ റോഡ് നവീകരണം മൂലം ദുരിതത്തിലായി. മാന്നാർ ആലുമ്മൂട് ജംഗ്ഷൻ - ഇരമത്തൂർ വഴിയമ്പലം - പുഞ്ച റോഡിന്റെ നവീകരണമാണ് നാട്ടുകാരെ ദുരിതത്തിലാക്കിയത്. നവീകരണത്തിനായി റോഡ് പൊളിച്ച് മെറ്റൽ നിരത്തിയിട്ട് എട്ടു മാസം പിന്നിട്ടു. എന്നാൽ ഇതുവരെ നിർമ്മാണം പൂർത്തിയായിട്ടില്ല. മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിലെ ആലുമ്മൂട് ജംഗ്ഷനിൽ നിന്ന് മാന്നാർ - ചെന്നിത്തല - തട്ടാരമ്പലം റോഡിലെ വഴിയമ്പലം ജംഗ്ഷനിൽ എത്തുന്ന പ്രധാന റോഡിന്റെ ദുരവസ്ഥയിൽ നട്ടം തിരിഞ്ഞ പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല. റോഡ് ടാർ ചെയ്യുന്നതിനായി പല തവണ ശ്രമം നടത്തുകയും സാധനസാമഗ്രികൾ എത്തിച്ചു. കാലാവസ്ഥ വ്യതിയാനവും കനത്ത മഴയും മൂലമാണ് ടാറിംഗ് നീണ്ടു പോയതെന്നാണ് കരാറുകാരൻ പറയുന്നത്.

#പൊടിയും ചെളിയും നിറഞ്ഞ യാത്ര

റോഡു പുനർ നിർമ്മിക്കുന്നതിന്റെ ഭാഗമായി 8 മാസം മുമ്പാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു റോഡ് പൊളിച്ചത്. പിന്നീട് മെറ്റലും പാറപ്പൊടിയുമിട്ട് ഉയർത്തിയെങ്കിലും നാളിതുവരെ ടാറിംഗ് ജോലികൾ നടന്നില്ല. അറ്റകുറ്റപ്പണിയുടെയും പുനർ നിർമാണത്തിന്റെയും പേരിൽ റോഡ് പൊളിച്ചിട്ടതിനാൽ മഴ സമയത്ത് റോഡാകെ ചെളിക്കുണ്ടാകും. വെയിൽ സമയത്ത് പൊടിശല്യവും. റോഡ് പൊളിച്ചിട്ടിരിക്കുകയാണെങ്കിലും ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ സ്ഥിരമായി കടന്നുപോകുന്നതിനാൽ റോഡിന് ഇരുവശവും താമസിക്കുന്നവരും കച്ചവടക്കാരും പൊടിശല്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

"മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിലെ കുരട്ടിശ്ശേരി പുഞ്ചയിലെ നാലുതോട് ഉൾപ്പെടെയുള്ള പാടശേഖരങ്ങളിലെ നെൽകർഷകർ ഏറെ ആശ്രയിക്കുന്ന പ്രധാന റോഡായ ആലുമ്മൂട് ജംഗ്ഷൻ - പുഞ്ച റോഡ് നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം

ഹരിദാസ് കിം കോട്ടേജ്, പ്രസിഡന്റ്, നാലുതോട് പാടശേഖര സമിതി

"റോഡ് നവീകരണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണം. അല്ലാത്ത പക്ഷം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധവും മാർച്ച് ഉൾപ്പെടെയുള്ള പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കും

അനിൽ മാന്തറ,പ്രസിഡന്റ്, മാന്നാർ വെസ്റ്റ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി