വീഥികളെല്ലാം വൃന്ദാവനമാക്കി രാധാ, കൃഷ്ണന്മാർ നിറഞ്ഞാടി.ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ 6 മാസം പ്രായമായ കൃഷ്ണൻ മുതൽ 20 വയസു വരെയുള്ള കൃഷ്ണന്മാർ രാധമാരോടൊപ്പം ഒറ്റക്കും ഘോഷയാത്രയായും ജന്മാഷ്ടമി ദിനത്തിലെ വൈകുന്നേരം ഭക്തി സാന്ദ്രമാക്കി. അമ്മമാരുടെ ഒക്കത്തിരുന്നു കരയുന്ന കൃഷ്ണന്മാരും ഉണ്ടായിരുന്നു. തകഴി, അമ്പലപ്പുഴ, ചേന്നങ്കര, അറവുകാട്, കളർകോട് ഭാഗങ്ങളിലായിരുന്നു ശോഭായാത്രകൾ കേന്ദ്രീകരിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെറുസംഘങ്ങളായി എത്തി പ്രധാന സ്ഥലങ്ങളിൽ കേന്ദ്രീകരിക്കുകയായിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും വളരെ നേരത്തെ തന്നെ ആളുകൾ സ്ഥലം പിടിച്ചിരുന്നു. അമ്പലപ്പുഴ കച്ചേരിമുക്കിൽ വൻ ജന തിരക്കായിരുന്നു ശോഭായാത്ര കാണുവാൻ.കരുമാടി, ആമയിട, നീർക്കുന്നം, കാക്കാഴം, കരൂർ, നവരാക്കൽ ഭാഗങ്ങളിൽ നിന്നെത്തിയ സംഘങ്ങൾ അമ്പലപ്പുഴ കച്ചേരി മുക്കിലാണ് കേന്ദ്രീകരിച്ചത് .അറവുകാടും കളർകോടും വൻ ജനാവലിയായിരുന്നു.മണിക്കൂറുകളോളം വീഥികളെല്ലാം വൃന്ദാവനമായി മാറുന്ന കാഴ്ച നയന മനോഹരവും , ഭക്തി സാന്ദ്രവുമായിരുന്നു.