thrikkuratti-

മാന്നാർ: ഭീകരവാദികളുടെ ആക്രമണത്തിൽ മുഖം നഷ്ടമായെങ്കിലും പതറാത്ത മനസുമായി തളരുന്ന മനസുകൾക്ക് പ്രചോദനം നൽകി മാന്നാർ തൃക്കുരട്ടി ജ്ഞാന വർഷ സഭയിൽ ലഫ്.കേണൽ ഋഷി രാജലക്ഷ്മി.വിജ്ഞാന പരമായ വിഷയങ്ങൾ അവതരിപ്പിച്ച് ചർച്ച ചെയ്യുന്നതിനായി മാന്നാർ തൃക്കുരട്ടി ശ്രീമഹാദേവർ ക്ഷേത്ര സന്നിധിയിൽ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സമന്വയ ഗ്ലോബലിന്റെ 112-ാമത്തെ ജ്ഞാനവർഷം സഭയെ കഴിഞ്ഞ ദിവസം അലങ്കരിച്ചത് ലഫ്.കേണൽ ഋഷി രാജലക്ഷ്മിയായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ, അചഞ്ചലമായ ധൈര്യത്തിന്റെയും അജയ്യമായ മനസ്സിന്റെയും സത്തയെ പ്രതിനിധാനം ചെയ്യുന്ന മുതുകുളം സ്വദേശിയായ ഋഷി,​ ആദ്യം കെ.എസ്.ഇ.ബി.യിൽ എൻജിനീയറായിരുന്നു.പിന്നീട് എയർ ഇന്ത്യയിൽ ജോലികിട്ടി. സൈനികനാവണമെന്ന അടങ്ങാത്ത ആഗ്രഹം ഒടുവിൽ ഇന്ത്യൻ സൈന്യത്തിൽ എത്തിച്ചു. ഭീകരവാദികളുടെ പേടിസ്വപ്നമായിരുന്ന രാഷ്ട്രീയ റൈഫിൾസിലെ മേജറായിരിക്കെയുണ്ടായ ഏറ്റുമുട്ടലിൽ മുഖം തകർന്നിട്ടും ഭീകരരെ ഉൻമൂലനം ചെയ്തു. എട്ട് മേജർ ശസ്ത്രക്രിയ ഉൾപ്പെടെ 23 ശസ്ത്രക്രിയകൾ. എന്നിട്ടും മുഖം പഴയതുപോലായില്ല. അദ്ദേഹത്തെ കാണാൻ വന്ന മുൻ സംയുക്ത സൈനികമേധാവി ജനറൽ ബിപിൻ റാവത്ത്‌ മേജ‌ർ ഋഷിയെ വിശേഷിപ്പിച്ചത് 'ഏറ്റവും നിർഭയനായ മനുഷ്യൻ എന്നായിരുന്നു'.

സ്വന്തം കുറവുകൾ മറച്ചുവയ്ക്കുകയും കഴിവുകൾ ഉയർത്തിക്കാട്ടുകയും ചെയ്യണമെന്ന് പ്രവർത്തികളിലൂടെ പാലിക്കുന്ന ഋഷി രാജലക്ഷ്മി എപ്പോഴും മുഖംമറച്ചുനടക്കുന്ന ധീര സൈനികനാണ്.

വ്യക്തി വികാസം എങ്ങനെയായിരിക്കണമെന്നും ലോക നന്മയ്ക്കായി എങ്ങനെ പ്രവർത്തിക്കണമെന്നും അനുഭവസമ്പത്തിന്റെ വെളിച്ചത്തിൽ ലഫ്.കേണൽ ഋഷി രാജലക്ഷ്മി ജ്ഞാന വർഷ സഭയിൽ അവതരിപ്പിച്ചു. പുതുമകൾ നിറഞ്ഞ ജ്ഞാനവർഷം സഭയിലേക്ക് ഇനിയും വരുമെന്ന വാഗ്ദാനത്തോടെയാണ് ലഫ്.കേണൽ ഋഷി രാജലക്ഷ്മി മടങ്ങിയത്.