shobhayathra


മാന്നാർ: കുഞ്ഞിളം കൈകളിൽ ഓടക്കുഴലും വാർമുടിക്കെട്ടിൽ മയിൽപ്പീലിയുമായി ചുണ്ടിൽ നിറഞ്ഞ കള്ളച്ചിരിയുമായ് വീഥികൾ കീഴടക്കിയ അമ്പാടിക്കണ്ണന്മാരും ഗോപികമാരും മാന്നാറിൽ നടന്ന ഗോകുലസംഗമവും മഹാശോഭാ യാത്രയും വർണശബളമാക്കി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് മാന്നാർ മണ്ഡലം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഗോകുലസംഗമത്തിലും മഹാശോഭായാത്രയിലും നൂറുക്കണക്കിന് കൃഷ്ണവേഷങ്ങളും പൗരാണികവേഷങ്ങളും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ഗോപികാ നൃത്തങ്ങളും അണിനിരന്നു. മാന്നാറിലെ വിവിധ ബാല ഗോകുലങ്ങളിൽ നിന്ന് വൈകിട്ട് നാലു മണിയോടെ ആരംഭിച്ച ഘോഷയാത്രകൾ അഞ്ചു മണിയോടെ കൊറ്റാർകാവ് ദേവീക്ഷേത്രത്തിൽ എത്തി. അവിടെ നിന്ന് പുറപ്പെട്ട മഹാശോഭയാത്ര സ്റ്റോർ ജംഗ്ഷൻ വഴി പരുമലക്കടവിൽ എത്തി തിരികെ മേമഠം ക്ഷേത്രത്തിൽ സമാപിച്ചു. ആഘോഷ്പ്രമുഖ് ആർ.അജീഷ്, സഹആഘോഷ് പ്രമുഖ് വിഷ്ണു പ്രസാദ്, കെ.പ്രസാദ്, എ.ഡി.ഗിരീഷ്, സൗരവ് കൃഷ്ണ, കെ.എം ഗിരീഷ് എന്നിവർ നേതൃത്വം നൽകി.