ആലപ്പുഴ: വളളംകളി, ഓണം ആഘോഷങ്ങളിൽ ഗതാഗത നിയന്ത്രണത്തിന് നൽകിയിരുന്ന ഇളവുകൾ അവസാനിച്ചതോടെ കോടതിപ്പാലം നിർമ്മാണ ജോലികൾ ഈ ആഴ്ചമുതൽ വേഗത്തിലാകും. തെക്കേക്കരയിൽ പാലത്തിന്റെ ഭാഗത്തെ മൂന്നു പില്ലറുകൾക്കുള്ള പൈലിംഗ് ജോലികൾ ഉടൻ ആരംഭിക്കും. ഇത് കൂടാതെ ഔട്ട് പോസ്റ്റ് മുതൽ കോടതിപ്പാലം വരെ കനാലിന്റെ തെക്കേക്കരയിലെ പൈലിംഗ് വേഗത്തിലാക്കാൻ കരാർ കമ്പനി ഒരു റിഗ് കൂടി ഉടൻ എത്തിക്കും. ഇതോടെ നാല് റിഗുകൾ ഒരുപോലെ പ്രവർത്തിക്കുന്നതോടെ മുല്ലയ്ക്കൽ ചിറപ്പിന് മുന്നോടിയായി തെക്കേക്കരയിലെ പൈലിംഗ് ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഓണക്കാലയളവിൽ നൽകിയിരുന്ന ഇളവുകൾ ഒഴിവാക്കി പാലത്തിന്റെ തെക്കേക്കരയിൽ ഗതാഗത നിയന്ത്രണം കൂടുതൽ കർശനമാക്കും. നിലവിൽ കാറുകളുൾപ്പെടെ ചെറിയവാഹനങ്ങൾക്ക് ഇരുവശത്തേക്കും പോകത്തക്കവിധം ഒതുക്കി വച്ചിരുന്ന ബാരിക്കേഡുകൾ റോഡിന്റെ തെക്കുവശത്തേക്ക് പരമാവധി നീക്കും. കാൽനടയൊഴികെ ഗതാഗതം പൂർണമായും തടഞ്ഞാലേ തെക്കേക്കരയിൽ പണി വേഗത്തിലാക്കാൻ കഴിയൂവെന്നാണ് കരാർ കമ്പനിയും കെ.ആർ.എഫ്.ബിയും നൽകുന്ന വിവരം. രണ്ടരമാസം കഴിഞ്ഞ് മുല്ലയ്ക്കൽ ചിറപ്പ് ആരംഭിക്കാനിരിക്കെ അതിന് മുമ്പ് പൈലിംഗ് ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

തടസമായി മത്സ്യകന്യക

# പാലത്തിന്റെ വടക്കേക്കരയിൽ ഗർഡറുകളുടെ നിർമ്മാണം പുരോഗമിക്കുമ്പോഴും മത്സ്യകന്യക പ്രതിമ നീക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തത് പില്ലറിന്റെ പൈലിംഗിന് തടസമായി തുടരുകയാണ്

# വടക്കേക്കരയിൽ മത്സ്യകന്യകയുടെ ഭാഗത്തെ ഒരു പില്ലറിന്റെയും കോടതിപ്പാലത്തിന്റെ ഭാഗത്തെ മൂന്ന് പില്ലറുകളുടെയും പൈലിംഗ് മാത്രമാണ് ഇനി അവശേഷിക്കുന്നത്

# നിർമ്മാണ പുരോഗതി വിലയിരുത്താൻ കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരുടെ യോഗം ഈ ആഴ്ച ചേരുന്നുണ്ട്. മത്സ്യകന്യകയെ മാറ്റി സ്ഥാപിക്കുന്നതിൽ കിഫ് ബിക്ക് സമർപ്പിച്ച ടെണ്ടറിന് അംഗീകാരം ലഭിക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണം