dgdyfhg

തുറവൂർ : ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഉയരപ്പാത നിർമ്മാണം നടക്കുന്ന തുറവൂരിനും അരൂരിനും മദ്ധ്യേയുണ്ടാകുന്ന ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷനേടാൻ വാഹനയാത്രക്കാർ ആശ്രയിക്കുന്ന സമാന്തര റോഡുകളു‌ടെ അറ്റകുറ്റപ്പണിക്ക് ദേശീയപാത അതോറിട്ടി പണമനുവദിച്ചിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ല. ഉയരപ്പാത നിർമ്മാണത്തെത്തുടർന്ന് തുറവൂർ–കുമ്പളങ്ങി, തുറവൂർ–മാക്കേ കവല റോഡുകൾ വഴി വാഹനങ്ങൾ വഴി തിരിച്ചുവിട്ടത്.

തുടർച്ചയായി വലിയ വാഹനങ്ങൾ സഞ്ചരിക്കാൻ തുടങ്ങിയതോടെ റോഡുകൾ തകരുകയും ഗതാഗതം ബുദ്ധിമുട്ടാവുകയും ചെയ്തിരുന്നു. ഇതേപ്പറ്റി വ്യാപക പരാതി ഉയർന്നതോടെയാണ് അറ്റകുറ്റപ്പണിക്ക് ദേശീയ പാത അതോറിട്ടി പണം അനുവദിച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിൽ ദേശീയപാത അതോറിറ്റി 8.5 കോടി രൂപ പൊതുമരാമത്ത് വകുപ്പിന് അനുവദിച്ചിരുന്നു. എന്നാൽ ഈ തുക മതിയാകില്ലെന്ന് കാട്ടി പൊതുമരാമത്ത് വകുപ്പ് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ ജൂലായ് അവസാനം 36.2 ലക്ഷം കൂടി വീണ്ടും അനുവദിച്ചു.

അനുവദിച്ച തുക

₹8.86 കോടി

ഫണ്ട് അനുവദിച്ച് എൻ.എച്ച്.എ.ഐ

 തുക അനുവദിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും റോഡ് പുനർനിർമ്മിക്കാൻ അധികൃതർ തയ്യാറായിട്ടില്ല

 പ്രതിഷേധം വ്യാപകമായതോടെ കരാറുകാരൻ മുൻകൈയെടുത്ത് കുമ്പളങ്ങി റോഡിൽ വലിയ കുഴികളിൽ ചിലത് മൂടി

 എന്നാൽ തൈക്കാട്ടുശേരി ഭാഗത്തെ റോഡിൽ ഒരു പ്രവൃത്തിയും ചെയ്യാൻ അധികൃതർ തയ്യാറാകാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്

റോഡിലെ കുഴികൾ ഭീഷണിയായ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അടിയന്തര ഇടപെടൽ വേണം

- നാട്ടുകാർ