
കായംകുളം: കായംകുളം കോടതി റോഡ് - പ്രതാംഗ് മൂട് ജംഗ്ഷനിലേക്കുള്ള റോഡിൽ കരിപ്പുഴ തോടിന് കുറുകെയുള്ള കന്നീസാ കടവ് പാലം പൊളിച്ച് പണിയുന്നത് ഇനിയും വൈകും. പാലത്തിന്റെ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ തുടങ്ങാത്തതാണ് പുനർനിർമ്മാണം നീളുന്നത്. പാലം നിർമ്മാണത്തിന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് വടക്കുവശത്തെ 25 സെന്റ് സ്ഥലവും മറുകരയിൽ കന്നീസാ പള്ളിയുടെ ഭാഗത്ത് 40 സെന്റ് സ്ഥലവുമാണ് ഏറ്റെടുക്കാനുള്ളത്.
നിലവിൽ ഒരു ഓട്ടോറിക്ഷയ്ക്ക് പോലും കടന്ന് പോകാൻ കഴിയാത്ത തരത്തിൽ ടൂവിലറുകൾ മാത്രം പോകുന്ന പാലമാണ് കന്നീസാ കടവ് പാലം.വീതി കുറച്ച് പാലം നിർമ്മിച്ചപ്പോൾ തന്നെ പ്രതിഷേധം ഉയർന്നിരുന്നു. നഗരത്തിന് നടുവിൽ ബസ് സ്റ്റേഷനുകളെ മാർക്കറ്റുമായി ബന്ധിപ്പിക്കുന്ന പാലം വീതികൂട്ടി നിർമ്മിച്ചില്ലങ്കിൽ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കഴിയില്ലന്ന് ചൂണ്ടിക്കാട്ടിയതാണ്. അന്നാൽ അന്ന് ധൃതി പിടിച്ച് പാലം നിർമ്മിച്ച് പണം പാഴാക്കുകയാണ് ചെയ്തത്.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള തുകയ്ക്ക് ഭരണാനുമതി ലഭിച്ചശേഷമേ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാനാകുകയുള്ളു. അശാസ്ത്രീയ നിർമ്മാണമാണ് അടുത്ത കാലത്ത് പുനർനിർമ്മിച്ച കന്നീസ കടവ് പാലത്തിന് വിനയായത്. കന്നീസ കടവ് പാലം വീതികൂട്ടി പണിഞ്ഞാൽ നഗരത്തിലെ തിരക്ക് കുറയ്ക്കാൻ കഴിയും.
....................................
1.പാലത്തിന്റെ നിർമ്മാണത്തിനായി റവന്യൂവിഭാഗം തയ്യാറാക്കിയ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരത്തുക എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയ തുകയെക്കാൾ കൂടുതലാണ്.
2. നിരക്ക് പുതുക്കിയത് കാരണം പുതുക്കിയ ഭരണാനുമതിക്കായി 16.32 കോടി രൂപയുടെ എസ്റ്റിമേറ്റ് ചീഫ് എൻജിനിയറുടെ ഓഫീസിൽ നിന്ന് സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്.
3. ഏറ്റെടുക്കുന്നസ്ഥലത്തെ കെട്ടിടങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും മികച്ച നഷ്ടപരിഹാരം നൽകാനാണ് എസ്റ്റിമേറ്റ് തുക പുതുക്കികിട്ടാൻ സർക്കാരിലേക്ക് സമർപ്പിച്ചത്.
.........................
# ബോസ്ട്രിംഗ് ആർച്ച് മാതൃകയിൽ പാലം
കരിപ്പുഴ തോടിന് കുറുകെ 30 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും നടപ്പാതയോടുകൂടിയും ബോസ്ട്രിംഗ് ആർച്ച് മാതൃകയിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പിന്റെ എൻ.ഒ.സി ലഭിച്ചിട്ടുണ്ട്. ഒരു സ്പാനിലാണ് പാലം പുനർനിർമ്മിക്കുന്നത്.