ആലപ്പുഴ: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ശുചിത്വ കാമ്പയിൻ 'സ്വച്ഛതാ ഹി സേവാ 2025'ന് തുടക്കമാകുന്നു. 17 മുതൽ ഒക്ടോബർ രണ്ട് വരെ നീളുന്ന പരിപാടിയിലൂടെ ജില്ലയെ കൂടുതൽ വൃത്തിയുള്ളതാക്കി മാറ്റുകയാണ് ലക്ഷ്യം. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ എല്ലാ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളെയും പൊതുജനങ്ങളെയും പങ്കാളികളാക്കിയാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചിത്വത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും വൃത്തിയുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും യജ്ഞം സഹായകമാകും. പൊതുസ്ഥലങ്ങൾ, ആശുപത്രികൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും തീവ്രമായ ശുചീകരണ പ്രവർത്തനങ്ങൾ, ബോധവൽക്കരണം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടത്തും.