
ഹരിപ്പാട് : വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷ നൽകുന്നതിനായി വീയപുരം ഗ്രാമപഞ്ചായത്തിലെ തുരുത്തേൽ കടവ് മുതൽ തോട്ടപ്പള്ളി വരെ നദികളുടെ ഇരുകരകളിലും പൈൽ ആൻഡ് സ്ലാബ് സ്ഥാപിക്കുന്നത് തീരത്തോട് ചേർന്നുള്ള കെട്ടിടങ്ങൾക്ക് ഭീഷണിയാകുന്നതായി ഉടമകൾ.
9,7മീറ്റർ നീളത്തിലുള്ള രണ്ടുതരം പൈലാണ് സ്ഥാപിക്കുന്നത്. 1.60മീറ്റർ നീളത്തിലുള്ള സ്ലാബ് മദ്ധ്യഭാഗത്തൂകൂടെ യന്ത്ര സഹായത്തോടെ അടിത്തട്ടിൽ സ്ഥാപിക്കുന്ന പ്രവൃത്തിയിൽ കെട്ടിടങ്ങൾക്ക് കുലുക്കവും പൊട്ടലും ഉണ്ടാകുന്നതായി കെട്ടിടഉടമകൾ ചൂണ്ടിക്കാട്ടുന്നു.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പമ്പ ആറിന്റെയും പമ്പ ആറിന്റെ കൈവഴിയായ മങ്കോട്ട ആറിന്റേയും അച്ചൻകോവിലാറിന്റെയും ഇരുകരകളുടെയും സംരക്ഷണത്തിനായി 70 കോടി രൂപ വകയിരുത്തിയാണ് തീര സംരക്ഷണ പ്രവൃത്തികൾ നടത്തുന്നത്. പമ്പ ആറിൽ മേൽപാടം വരെ ഇരുകരകളിലുമായി 2574 മീറ്ററും, മങ്കോട്ടയിൽ പമ്പയുടെ കൈവഴിയുടെ തുടക്കം മുതൽ വീയപുരം ഡിപ്പോ പാലം വരെ ഇരുകരകളിലുമായി 897 മീറ്ററും, അച്ചൻകോവിലാറ്റിൽ തുരുത്തേൽ പാലം മുതൽ 295 മീറ്ററും നീളത്തിൽ പൈൽ ആൻഡ് സ്ലാബ് ഉപയോഗിച്ചുള്ള സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും, അച്ചൻകോവിലാറ്റിൽ ഇരുകരകളിലുമായി 5420 മീറ്റർ നീളത്തിൽ ബണ്ട് രൂപീകരണവും ഉൾപ്പെട്ട പ്രവൃത്തികളാണ് നിലവിൽ നടക്കുന്നത്.
നിലവിൽ കരിങ്കല്ല് കൊണ്ട് നിർമ്മിച്ചിട്ടുള്ള പാർശ്വഭിത്തികൾ മാറ്റി പൈൽ ആൻഡ് സ്ലാബ് സ്ഥാപിക്കുന്നതിൽ പ്രതിഷേധമുയർന്നിരുന്നു
തുടർന്ന് നിലവിലെ പാർശ്വഭിത്തി മാറ്റാതെയാണ് ഇപ്പോൾ പൈൽ ആൻഡ് സ്ലാബ് സ്ഥാപിക്കുന്നത്
അനധികൃത മണൽവാരൽ മൂലം അക്കര മുറിഞ്ഞപുരയ്ക്കൽ പാലത്തിന്റെ സംരക്ഷണഭിത്തി നിലംപൊത്തിയിരുന്നു
പാലത്തിന്റെ ഇരുകരകളിലുമുള്ള പാർശ്വഭിത്തിയാണ് അനധികൃതമണൽ വാരൽമൂലം നിലംപതിച്ചത്.