ഹരിപ്പാട് : ചിങ്ങോലി പഞ്ചായത്തിൽ ഭരണസമിതിക്കെതിരെ ഭരണകക്ഷിയംഗം കൊണ്ടുവന്ന പ്രമേയം പാസായി. കാർത്തികപ്പള്ളി ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന പഞ്ചായത്ത് അധീനതയിലുള്ള വഴിയോര വിശ്രമകേന്ദ്രമായ ടേക്ക് എ ബ്രേക്കിൽ അഴിമതിയാരോപിച്ച് കോൺഗ്രസ് അംഗം പതിനൊന്നാം വാർഡ് മെമ്പർ പി.വിജിതയാണ് പ്രമേയം അവതരിപ്പിച്ചത്. കോൺഗ്രസിന്റെ തന്നെ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും ആറാം വാർഡ് മെമ്പറുമായ സുരേഷ് കുമാറും എൽ.ഡി.എഫ് അംഗങ്ങളും പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. ഇതോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയും വെട്ടിലായി. ഭരണസമിതി രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം ഇരുപതാം തീയതി നൽകിയ പ്രമേയം ഇന്നലെയാണ് അജണ്ടയിൽ ഉൾപ്പെടുത്തി ചർച്ചയ്ക്ക് എടുത്തത്. എട്ട് ദിവസത്തിനകം അനുമതി നൽകേണ്ട പ്രമേയം പിൻവലിക്കുവാനുള്ള സമ്മർദ്ദങ്ങൾ കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നെങ്കിലും പി.വിജിത പിൻമാറിയില്ല.

യു.ഡി.എഫിന്റെ ആറും എൽ.ഡി.എഫിന്റെ 5 ഉം അംഗങ്ങളായിരുന്നു ഇന്നലെ യോഗത്തിൽ പങ്കെടുത്തത്. കോൺഗ്രസിന്റെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ 7 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 4 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തു. ടേക്ക് എ ബ്രേക്കിനെ ചൊല്ലി എൽ.ഡി.എഫ് മെമ്പർമാർ പലതവണ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ സംരംഭം നടത്താൻ വേണ്ടി കുടുംബശ്രീയിൽ താൽക്കാലികമായി ഗ്രൂപ്പ് രൂപീകരിച്ച് ഇതിന്റെ പ്രവർത്തനം ഏറ്റെടുത്തതായാണ് ആരോപണം.

ഗ്രാമപഞ്ചായത്ത് അംഗത്തിന് ഒരു സാമ്പത്തിക സ്രോതസ്സിലും അംഗമാകാൻ സാധ്യമല്ലെന്നിരിക്കെ മറ്റു രണ്ടു പേരെ ചേർത്തുകൊണ്ട് വൈസ് പ്രസിഡന്റ് ഗ്രൂപ്പ് രൂപീകരിച്ച് ടേക്ക് എ ബ്രേക്കിന്റെ പ്രവർത്തനം നടത്തിവന്നിരുന്നു എന്നാണ് പ്രതിപക്ഷ ആരോപണം . കഴിഞ്ഞ മാസം നടന്ന എ.ജി ഓഡിറ്റ് റിപ്പോർട്ടിൽ ടേക്ക് എ ബ്രേക്ക് നടത്തിപ്പിൽ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. വഴിയോര യാത്രക്കാർക്ക് ടോയ്ലറ്റ് സംവിധാനം ഒരുക്കുന്നതിനു വേണ്ടിയാണ് ഈ പദ്ധതി നടപ്പിലാക്കിയത് . എന്നാൽ ടോയ്ലറ്റ് പ്രവർത്തിപ്പിക്കാതെ കോഫി ഷോപ്പ് മാത്രമാണ് പ്രവർത്തിച്ചുവന്നിരുന്നത്.