zsdad

ചേപ്പാട് : ഓടയ്ക്കായി കുഴിയെടുത്ത ഭാഗത്തുള്ള വൈദ്യുതി പോസ്റ്റ് അപകടഭീഷണിയാകുന്നു. ദേശീയപാതയ്ക്ക് സമാന്തരമായി കായംകുളത്തു നിന്ന് ഏവൂർ മുട്ടം വരെയുള്ള സംസ്ഥാന പാതയിൽ ഏവൂർ ആറാട്ടുകൊട്ടാരം ജംഗ്ഷന് വടക്കുവശത്ത് ഓട നിർമ്മാണത്തിനായി കുഴിയെടുത്ത ഭാഗത്താണ് പോസ്റ്റുള്ളത്.

ചേപ്പാട് പഞ്ചായത്ത്‌ മൂന്നാംവാർഡിന്റെ കിഴക്കേ അതിർത്തിയായ ഈ റോഡിന്റെ പടിഞ്ഞാറുവശം ചേർന്ന് അറുപതുമീറ്റർ നീളത്തിൽ രണ്ടാഴ്ച മുമ്പാണ് കോൺക്രീറ്റ് ഓട നിർമാണം ആരംഭിച്ചത്. ഇതിന് കുറുകെ വൈദ്യുതി പോസ്റ്റ്‌ നിൽക്കുന്നതിനാൽ നിർമ്മാണജോലി തടസ്സപ്പെട്ടിരിക്കുകയാണ്. ഓടയ്ക്ക് വേണ്ടിയെടുത്ത കുഴിക്കുള്ളിലായതിനാൽ പോസ്റ്റ് തൊട്ടടുത്ത വീട്ടിലേക്ക് അപകടകരമായ വിധത്തിൽ ചരിഞ്ഞുനിൽക്കുകയുമാണ്.

പോസ്റ്റ്‌ സുരക്ഷിതമായി മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത് വകുപ്പ് അധികൃതരെയും കെ.എസ്.ഇ.ബി പള്ളിപ്പാട് ഓഫീസിനെയും സമീപിച്ചെങ്കിലും പരസ്പരം പഴിചാരി ഒഴിഞ്ഞുമാറിയെന്ന് ആക്ഷേപമുണ്ട്. രണ്ട് വകുപ്പുകളും കൂടിയാലോചിച്ച് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഓാട നിർമ്മാണം തടസ്സപ്പെട്ടു

യാത്രക്കാരുടെയും വാഹനങ്ങളുടെയും വലിയ തിരക്കുള്ള പാതയാണിത്. റോഡിന്റെ വശങ്ങളിൽ ജലനിർഗമനത്തിന് ഓടകൾ ഇല്ലാത്തതിനാൽ ഏവൂർ പനച്ചമൂട് മുതൽ മുട്ടം ചൂണ്ടുപലക മുക്കുവരെയുള്ള പല ഭാഗങ്ങളിലും മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നത് പതിവാണ്. ഈ വെള്ളം അമിത വേഗത്തിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ തെറിച്ച് വഴിയാത്രക്കാരുടെ ശരീരത്തിലേക്കും ഇരുവശങ്ങളിലെ വീടുകളിലേക്കും വീഴും. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് വലിയ വെള്ളക്കെട്ട് രൂപപ്പെടുന്ന ഏവൂർ ആറാട്ടുകൊട്ടാരം ജംഗ്ഷന് വടക്കുവശത്ത് ഓട നിർമ്മാണത്തിന് അനുമതിയായത്.