dy

ആലപ്പുഴ: ഡി.വൈ.എഫ്.ഐ നേതാവിനെ മർദ്ദിച്ചെന്ന് ആരോപണം നേരിടുന്ന ആലപ്പുഴ ഡിവൈ.എസ്.പി എം.ആർ. മധുബാബുവിന് ഡി.ജി.പിയുടെ പ്രശംസാപത്രം. കുറുവാസംഘത്തലവനായ തമിഴ്നാട് രാമനാഥപുരം പരമകുടി എം.ജി.ആർ നഗറിൽ കട്ടൂച്ചനെന്ന കട്ടുപൂച്ചനെ വീട്ടിൽ നിന്ന് സാഹസികമായി പിടികൂടിയതിനാണ് അംഗീകാരം. മണ്ണഞ്ചേരി സി.ഐ ടോൾസൺ പി. ജോസഫിനും പ്രശംസാപത്രം ലഭിച്ചു.

കട്ടുപൂച്ചനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്ന കെ.ആർ. ബിജു (എസ്.ഐ മണ്ണഞ്ചേരി), ടി.ഡി. നവീൻ (ഗ്രേഡ് എസ്.ഐ, ഡിവൈ.എസ്.പി ഓഫീസ്), മോഹൻകുമാർ (ഗ്രേഡ് എസ്.ഐ, ആലപ്പുഴ സൗത്ത്), സുധീർ (ഗ്രേഡ് എസ്.ഐ, ആലപ്പുഴ ക്രൈം ബ്രാഞ്ച്), ജഗദീഷ് (സീനിയർ സി.പി.ഒ, മാരാരിക്കുളം), മണ്ണഞ്ചേരി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആർ. രാജേഷ്, ഗ്രേഡ് എ.എസ്.ഐ ഉല്ലാസ്, സീനിയർ സി.പി.ഒമാരായ കെ.എസ്. ഷൈജു, ആർ. രജീഷ്, അനന്തക‌ൃഷ്ണൻ, മനു പ്രതാപ്, സി.പി.ഒമാരായ വിഷ്ണു, ഗോപകുമാർ, സൗത്ത് സ്റ്റേഷൻ സി.പി.ഒമാരായ വിപിൻദാസ്, ആർ‌. ശ്യാം, നർക്കോട്ടിക് സെൽ സി.പി.ഒ സിദ്ദിഖ് അൽ അക്ബർ എന്നിവർക്കും ഗുഡ് സർവീസ് എൻട്രി ലഭിച്ചു.

കഴിഞ്ഞ നവംബർ 12ന് കോമളപുരം സ്‌പിന്നിംഗ് മില്ലിന് സമീപം നായ്‌ക്കംവെളിയിൽ ജയന്തിയുടെ വീട്ടിൽ നിന്ന് മൂവായിരം രൂപയുടെ വൺഗ്രാം ഗോൾഡ‌് മാലയും സ്വ‌ർണക്കൊളുത്തും, റോഡുമുക്കിന് സമീപം മാളിയേക്കൽ ഇന്ദുവിന്റെ വീട്ടിൽ നിന്ന് മൂന്നരപ്പവൻ സ്വർണമാലയും താലിയും കവർന്ന കേസിലാണ് കട്ടുപൂച്ചനെ പിടികൂടിയത്.