
ആലപ്പുഴ: നൈപുണ്യപരിശീലനം നൽകി വനിതകളെ ആധുനിക കാലത്തെ തൊഴിൽ മേഖലയിലേക്ക് കൈപിടിച്ചുയർത്താൻ എഴുപുന്നയിൽ വനിത നൈപുണ്യ പരിശീലന കേന്ദ്രം ഒരുങ്ങുന്നു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 37 ലക്ഷം രൂപ വിനിയോഗിച്ച് എഴുപുന്ന ശ്രീനാരായണപുരത്ത് ആരംഭിക്കുന്ന കേന്ദ്രത്തിന്റെ തറക്കല്ലിടൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ .ജീവൻ അദ്ധ്യക്ഷനായി. എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ജയ പ്രതാപൻ, എഴുപുന്ന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോ. ശ്രീലേഖ അശോക്, പി .കെ മധുക്കുട്ടൻ, ബിന്ദു ഷാജി, സോജിമോൾ ജിനു, ഇ .കെ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.
ചെലവ്
₹ 37ലക്ഷം
സർക്കാർ അംഗീകൃത കോഴ്സുകൾ
ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന 1950കളിൽ ആരംഭിച്ച മഹിളാ സമാജത്തിന്റെ സ്ഥലത്താണ് പരിശീലനകേന്ദ്രം നിർമ്മിക്കുന്നത്
ഇരുനിലകെട്ടിടത്തിന്റെ താഴത്തെനിലയിൽ മഹിളാസമാജത്തിന്റെ സാംസ്കാരികപ്രവർത്തങ്ങൾക്കുള്ള ഓഫീസും നൈപുണി പരിശീലനകേന്ദ്രത്തിന്റെ ഓഫീസും പ്രവർത്തിക്കും
മുകളിലത്തെ നിലകളിൽ പരിശീലന ക്ലാസുകൾ നടത്തും. അസാപ്, കെൽട്രോൺ എന്നീ സ്ഥാപനങ്ങളുടെ സർക്കാർ അംഗീകൃത കോഴ്സുകളാണ് നടത്തുക