മാന്നാർ: കേന്ദ്ര കൃഷിമന്ത്രാലയവും സംസ്ഥാനകൃഷിവകുപ്പും സംയുക്തമായി നടപ്പാക്കിവരുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതി പ്രകാരം, 2023- 24 പുഞ്ച സീസണിൽ ചൂട് കൂടുതൽ കാരണം വിളവ് നഷ്ടം നേരിട്ട മാന്നാറിലെ നെൽകർഷകർക്ക് ഒരു കോടി 25 ലക്ഷം രൂപ അനുവദിച്ചു. മാന്നാർ കൃഷിഭവന്റെ പരിധിയിലുള്ള പാടശേഖരങ്ങളിലെ വിള ഇൻഷ്വറൻസെടുത്ത നാനൂറോളം കർഷകർക്കാണ് ആനുകൂല്യം.

2023 -24 പുഞ്ച സീസണിൽ നെൽകൃഷി ചെയ്ത, വിള ഇൻഷ്വറൻസെടുത്ത കർഷകർ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് ആനുകൂല്യം ലഭിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് മാന്നാർ കൃഷി ഓഫീസർ പി.സി ഹരികുമാർ അറിയിച്ചു.

കർഷകർക്ക് വായ്പയെടുക്കുന്ന ബാങ്കുകൾ മുഖേന വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗമാകാം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം നിശ്ചിത പ്രീമിയം തുക, ആധാർ, നികുതി രസീത്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ്, പാട്ടത്തിന് കൃഷി ചെയ്യുന്നവരാണെങ്കിൽ പാട്ടക്ക‌രാറിന്റെ പകർപ്പ് എന്നിവ നൽകണം. വായ്പയെടുക്കാത്ത കർഷകർ അടുത്തുള്ള അക്ഷയകേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ, അംഗീകൃത ബ്രോക്കിംഗ് എജന്റ്, ഇൻഷ്വറൻസ് ഏജന്റ് എന്നിവരുമായി ബന്ധപ്പെട്ടാണ് വിളകൾക്കുള്ള പ്രീമിയം അടച്ച് പരിരക്ഷ ഉറപ്പാക്കേണ്ടത്.

തുക നേരിട്ട് അക്കൗണ്ടിലെത്തും

 നെല്ല് ഉൾപ്പെടെ തിരഞ്ഞെടുത്ത 28 വിളകൾക്കാണ് നിലവിൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നത്

 പൊതുമേഖലയിലെ അഗ്രിക്കൾച്ചർ ഇൻഷ്വറൻസ് കമ്പനി മുഖേനയാണ് കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത്

 കൃഷി ചെയ്യുന്ന പ്രദേശത്തെ പ്രകൃതിക്ഷോഭത്തോത് നിർണ്ണയിച്ച് നഷ്ടം കണക്കാക്കും

 നഷ്ടപരിഹാരത്തുക കർഷകർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്ന രീതിയിലാണ് പദ്ധതി

ഈ വർഷത്തെ പുഞ്ച കൃഷി സീസണിൽ സമയബന്ധിതമായി തന്നെ കാലാവസ്ഥ വിള ഇൻഷ്വറൻസ് പദ്ധതിയിൽ കർഷകർ അംഗങ്ങളാകണം

- പി.സി.ഹരികുമാർ, കൃഷി ഓഫീസർ, മാന്നാർ