ഹരിപ്പാട് : എയിംസ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം ഹരിപ്പാടാണെന്ന് കാട്ടി രമേശ് ചെന്നിത്തല എം.എൽ.എ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു.
എയിംസ് തുടങ്ങാൻ അനുയോജ്യമായ സ്ഥലം കേരളത്തിൽ ആലപ്പുഴ ജില്ലയാണെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കത്ത് നൽകിയത്. എയിംസ് പോലുള്ള ഉന്നത നിലവാരത്തിലുള്ള സംവിധാനങ്ങൾ വരുന്നത് ആലപ്പുഴ ജില്ലയുടെ പൊതുജനാരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് കൂടുതൽ ശക്തിപകരും. ഹരിപ്പാട് മണ്ഡലത്തിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ, സിയാൽ മാതൃകയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിന് 25 ഏക്കറോളം സ്ഥലം ദേശീയപാതയോട് ചേർന്ന് കരുവാറ്റയിൽ റവന്യൂവകുപ്പ് ഏറ്റെടുത്തിരുന്നു. നയപരമായ കാര്യങ്ങളെ തുടർന്ന് ഹരിപ്പാട് മെഡിക്കൽ കോളേജിന്റെ നിർവ്വഹണപ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിച്ചതിനാൽ ഈ സ്ഥലം വെറുതെ കിടക്കുകയാണ്. എയിംസിന് ഈ സ്ഥലം അനുയോജ്യമായിരിക്കും. കൂടുതൽ സ്ഥലം ആവശ്യമുണ്ടെങ്കിൽ അതിനുള്ള നടപടിയും ജനങ്ങളുടെ പൂർണ്ണ സഹകരണത്തോടെ സ്വീകരിക്കാവുന്നതാണെന്നും ഇതിന് എല്ലാ പിന്തുണയും നൽകുമെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.