photo

ചാരുംമൂട് : കൊല്ലം - തേനി ദേശീയപാത നാലുവരിയാക്കുന്നതിന്റെ സ്ഥലം ഏറ്റെടുപ്പ് വൈകുന്നു. ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ ഭൂരാശി പോർട്ടലിൽ പ്രസിദ്ധീകരിച്ചിട്ട് നാല് മാസം കഴിഞ്ഞിട്ടും തുടർനടപടികൾ തുടങ്ങിയിട്ടില്ല.

ദേശീയപാതയായി പ്രഖ്യാപിച്ചതോടെ ചരക്ക് വാഹനങ്ങളുടെ ആധിക്യം മൂലം മിക്ക സമയങ്ങളിലും ഇവിടെ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. കൊടും വളവുകൾ നിവർത്തി 24മീറ്റർ വീതിയിലാണ് പുതിയ റോഡിന്റെ അലൈൻമെന്റ്. കൊല്ലം ബൈപ്പാസ് മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് ജംഗ്ഷൻ വരെ 54 കിലോമീറ്റർ വികസനത്തിനായി നിലവിൽ 1993 കോടി രൂപയാണ് അടങ്കലിൽ ഉള്ളത്. പൊതുമരാമത്ത് പദ്ധതികളുടെ നിരക്ക് വർദ്ധിച്ചത് കാരണം തുക 2200 കോടിയായി ഉയർത്തുമെന്നാണ് സൂചന.

ഉദ്യോഗസ്ഥരുടെ കുറവ് തിരിച്ചടി

 ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതാണ് നടപടി വൈകുന്നതിന് കാരണം

 ഭൂമിഏറ്റെടുക്കൽ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്രമന്ത്രി നിതീഷ് ഗഡ്ഗരിക്ക്‌ കത്ത് നൽകി

 ഈ പാതയിൽ മിക്കയിടത്തും കൊടും വളവുകളും അപകട സാദ്ധ്യതയുള്ള മേഖലയുമാണ്

 7 മീറ്റർ പോലും വീതി ഇല്ലാത്ത ധാരാളം ജംഗ്ഷനുകളിൽ കൂടി റോഡ് കടന്നുപോകുന്നുണ്ട്.

അടങ്കൽ തുക

₹1993 കോടി

വീതി തീരെ കുറഞ്ഞ ഈ ദേശീയ പാതയിൽ വാഹനത്തിരക്കും അപകടങ്ങളും പതിവായിരിക്കുകയാണ്. ഹൈവേ വികസനം അടിയന്തരമായി ആരംഭിച്ച് സുരക്ഷിത ഗതാഗതം ഉറപ്പുവരുത്തണം.

-കെ സഞ്ചു, ബി.ജെ.പി ചാരുംമൂട് മണ്ഡലം പ്രസിഡന്റ്