pavhathuruth

മാന്നാർ : ഹരിതകേരളം മിഷന്റെ നവകേരളം കർമ്മ പദ്ധതി - 2 ന്റെ ഭാഗമായി വിദ്യാലയങ്ങളിൽ നടത്തിയ പച്ചത്തുരുത്ത് രൂപവത്ക്കരണത്തിൽ സ്കൂൾ തലത്തിൽ ഒന്നാമതെത്തിയ ചെന്നിത്തല ജവഹർ നവോദയ വിദ്യാലയത്തിലെ പച്ചത്തുരുത്ത് ജില്ലയ്ക്കഭിമാനമായി മാറുകയാണ്. സ്കൂളിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ജൈവവൈവിദ്ധ്യത്തിന്റെ ഒരു കലവറയായ ഈ പച്ചത്തുരുത്ത് വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ ആകർഷണീയമായ ഒരിടമായി മാറി.

രണ്ട് വർഷം മുമ്പ് സ്കൂളിൽ പച്ചത്തുരുത്ത് സ്ഥാപിക്കാമെന്നുള്ള ആശയം ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയന്മ ഫിലേന്ദ്രനാണ് മുന്നോട്ടുവെച്ചത്. അന്നത്തെ പ്രിൻസിപ്പൽ സി.എച്ച് ദിനേശൻ ഇതിനായി 10 സെന്റ് സ്ഥലം അനുവദിച്ചതോടെ 2023 ജൂൺ 5ന് സ്കൂളിൽ പച്ചത്തുരുത്ത് യാഥാർത്ഥ്യമായി. 10 സെന്റ് സ്ഥലത്ത് തുടങ്ങിയ പച്ചത്തുരുത്ത് ഇന്ന് 40 സെന്റോളം വ്യാപിപ്പിച്ചിട്ടുണ്ട്. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ പ്രവർത്തനം ഏറ്റെടുത്തതോടെ കാടുപിടിച്ചു കിടന്ന സ്ഥലം വൃത്തിയാക്കി കൃഷി തുടങ്ങി. വെള്ളത്തിന്റെ ദൗർലഭ്യം കാരണം ആദ്യം നട്ട തൈകൾ വേനൽക്കാലത്തു നശിച്ചു . പിന്നീട് വനം വകുപ്പിന്റെ സഹായത്തോടെ കൂടുതൽ തൈകൾ ലഭ്യമാക്കി പച്ചത്തുരുത്ത് ചെയ്യുകയായിരുന്നു.

ഫലവൃക്ഷങ്ങളും ഔഷധസസ്യങ്ങളും

സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചതോടെ വാട്ടർ പമ്പ് സ്ഥാപിച്ച് വെള്ളത്തിന്റെ പ്രശ്നത്തിന് പരിഹാരം കണ്ടു. സംരക്ഷണത്തിനായി സംഘാടക സമിതി രൂപവത്ക്കരിച്ച് സ്കൂൾ അദ്ധ്യാപകനായ വി.പ്രദീപ്കുമാറിനെ കോർഡിനേറ്റർ ആയി തിരഞ്ഞെടുത്തു. റെസിഡൻഷ്യൽ സ്കൂൾ ആയതിനാൽ കുട്ടികൾ നല്ലരീതിയിൽ പരിപാലനവും നൽകി. വനം വകുപ്പിന്റെ സഹായത്തോടെ ഹൈബ്രിഡ് തൈകൾ നട്ടു . ആദ്യ ഘട്ടത്തിൽ പേര, മാവ്, ചാമ്പ,പതിമുഖം, പ്ലാവ്, നെല്ലി തുടങ്ങിയ ഫലവൃക്ഷങ്ങൾ ആണ് നട്ടത്. ഇപ്പോൾ അശോകം, ദന്തപ്പാല, റംബൂട്ടാൻ പനിനീർ, ചാമ്പ, സപ്പോട്ട, ഔഷധ സസ്യങ്ങൾ തുടങ്ങിയവയും നട്ടു. തുടക്കത്തിൽ 30 തൈകൾ ആയിരുന്നത് ഇപ്പോൾ 150 തൈകളായി. . മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഉത്തർപ്രദേശ് സ്വദേശികളായ കുട്ടികളുടെ കൃഷിയിലുള്ള അറിവ് കൃഷിക്കും പച്ചത്തുരുത്തിനും ഏറെ സഹായകമാണ്. തുടർച്ചയായ രണ്ടു വർഷങ്ങളിൽ ജഗന്നാഥ്, ആവണി ഗിരീഷ് എന്നിവർ മികച്ച വിദ്യാർത്ഥി കർഷകർക്കുള്ള അവാർഡ് നേടി. പ്രിൻസിപ്പൽ ജോളി ടോമി, കോർഡിനേറ്റർ വി.പ്രദീപ് കുമാർ എന്നിവർ കുട്ടികൾക്കു വേണ്ട മാർഗനിർദേശം നൽകുന്നു.