
കുട്ടനാട് : വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് തൊട്ടുമുന്നിലായുള്ള മാമ്പുഴക്കരി സെന്റ് ജോർജ് കുരിശ്ശടി റോഡ് സഞ്ചാരയോഗ്യമാക്കി ജനകീയസമിതി. 2018ലെ പ്രളയത്തെ തുടർന്ന് തകർന്ന് തരിപ്പണമായ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് മുതൽ ജില്ലാപഞ്ചായത്ത് വരെയുള്ള അധികൃതർക്ക് നാട്ടുകാർ പലതവണ നിവേദനം നല്കിയെങ്കിലും പ്രയോജനം ഉണ്ടാകാതിരുന്നതിനെത്തുടർന്നാണ് ജനകീയ സമിതി മുന്നിട്ടിറങ്ങിയത്.
ഒരു മാസം മുമ്പുണ്ടായ വെള്ളപ്പൊക്കത്തിൽ ഇവിടെ മുട്ടിന് മുകളിലേക്ക് വരെ വെള്ളംനിറഞ്ഞതോടെ സഞ്ചാരം തടസ്സപ്പെട്ടിരുന്നു. നിരവധി അപകടങ്ങളാണ് ഈ സമയം ഇവിടെ ഉണ്ടായത്. സഹികെട്ട നാട്ടുകാർ കഴിഞ്ഞ ദിവസം ജനകീയസമിതിയുടെ നേതൃത്വത്തിൽ സംഘടിച്ച് രംഗത്തെത്തിയതോടെ നിമിഷ വേഗത്തിൽ റോഡ് സഞ്ചാരയോഗ്യമാവുകയായിരുന്നു. ജനകീയസമിതി പ്രവർത്തകരായ സുനിൽ ഏഴരയിൽ, സാംകുട്ടി, സെബാസ്റ്റ്യൻ പടിഞ്ഞാറേക്കളം, സൈനോ മൂക്കോടി, എം. എ സജി തുടങ്ങിയവർ നേതൃത്വംനൽകി.
കുടിവെള്ള പ്രശ്നത്തിനും പരിഹാരം
1. റോഡ് നിർമ്മാണത്തിനായി ഒറ്റദിവസത്തിൽ പ്രദേശത്ത് നിന്ന് സമാഹരിച്ചത് 1,60,000 രൂപ
2. ജെ.സി.ബി ഉപയോഗിച്ച് റോഡ് നിരപ്പാക്കി ഗ്രാവിലിട്ട് റോഡ് ഉയർത്തി
3. നാളുകളായി പൊട്ടിക്കിടന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പും ഇതോടൊപ്പം നന്നാക്കി
4. ഇതോടെ നാട്ടിലെ കുടിവെള്ളക്ഷാമത്തിനും പരിഹാരമായി
നൂറ് കണക്കിന് കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ഇവിടെ ബുദ്ധിമുട്ടിയിരുന്നത്. സ്വകാര്യ ഏജൻസികളിൽ നിന്ന് ഓരോ ആഴ്ചയും നൂറുകണക്കിന് രൂപ നല്കിയാണ് വെള്ളം ശേഖരിച്ചു വന്നിരുന്നത്. എല്ലാവരും ചേർന്നതോടെ റോഡിനൊപ്പം കുടിവെള്ള പ്രശ്നത്തിനും പരിഹാരമായി
- പ്രദേശവാസികൾ