ചേർത്തല : പുലർച്ചെ ഉയർന്ന കൂട്ട നിലവിളികളാണ് ഇന്നലെ നഗരത്തെ ഉണർത്തിയത്. 4.30ന് ബസ് ഇടിച്ചു കയറിയതിന്റെ ഭീകരമായ ശബ്ദത്തിന് പിന്നാലെയായിരുന്നു നിലവിളികൾ. തുടർന്ന് ഒറ്റയ്ക്കും കൂട്ടമായും ആളുകൾ അപകടസ്ഥലത്തേക്കോടി. ചേർത്തല പൊലീസും അഗ്നിശമനസേനയും ഉടൻ തന്നെ എത്തി. കൂട്ടായ രക്ഷാപ്രവർത്തനങ്ങളാണ് പിന്നീട് നടന്നത്.

ദേശീയപാതയിൽ പൊലീസ് സ്‌റ്റേഷന് വടക്കുമാറി എ.എസ് കനാലിനു കുറുകെ പാലവും അടിപ്പാതയും നിർമ്മിക്കുന്നിടത്താണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ചുകയറിയത്. പൊലീസും അഗ്നിശമന സേനയെത്തിയാണ് ബസിന്റെ മുന്നിൽ കുടുങ്ങിയവരെ പൊളിച്ചു പുറത്തിറക്കി ആശുപത്രിയിലേക്കു മാറ്റിയത്. ബസിൽ നിന്നും പുറത്തെത്തിച്ചവരുടെയെല്ലാം മുഖത്തും ശരീരത്തിലും രക്തം വാർന്ന നിലയിലായിരുന്നു. കിട്ടിയവാഹനങ്ങളിലാണ് എല്ലാവരെയും താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്. ആശുപത്രിയിൽ എത്തിയവർക്കെല്ലാം പ്രാഥമിക ശുശ്രൂഷ നൽകുന്ന തരത്തിൽ അത്യാഹിത വിഭാഗവും ഉണർന്നു പ്രവർത്തിച്ചു. ഗുരുതരമായി പരിക്കേറ്റവരെ സമയബന്ധിതമായി തന്നെ മെഡിക്കൽ കോളേജിലേക്കും മാറ്റാനായി. പരിക്കേറ്റവർ തന്നെ വിവരമറിയിച്ചതിനെ തുടർന്ന് സമീപത്തുള്ള ബന്ധുക്കളും എത്തിയിരുന്നു.

ബസ് ഇടിച്ചുകയറിയത് കോൺക്രീറ്റിങ്ങിനായി കെട്ടിയ കമ്പികളിലേക്കായിരുന്നു.അടിവശം മാത്രമാണിവിടെ കോൺക്രീറ്റ് ചെയ്തത്. ഇടിയുടെ ആഘാതത്തിൽ കമ്പികൾ തുളഞ്ഞുകയറിയിരുന്നു.ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു.എന്നാൽ ഇതിനോടു ചേർന്നുള്ള കോൺക്രീറ്റിംഗ് പൂർത്തിയായ ഭാഗത്തായിരുന്നു ഇടിച്ചതെങ്കിൽ ഇതിലും വലിയ ദുരന്തമായി മാറിയേനെയെന്ന് രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു.

വെളിച്ചക്കുറവ്, സൂചനാബോർഡുകളുടെ അവ്യക്തതത

അടിപ്പാത നിർമ്മാണ സ്ഥലത്ത് പടിഞ്ഞാറു ഭാഗത്തു കനാലിനു കുറകെ ബണ്ടുകെട്ടിയാണ് ഇരുവശത്തേക്കുമുള്ള ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. ബണ്ടിലേക്കു തിരിയുന്നതിനായി ഇരുകരകളിലും താൽക്കാലിക സൂചനാബോർഡുകളും ക്രമീകരണങ്ങളും വെച്ചിരുന്നു. എന്നാൽ ഇതു ശ്രദ്ധയിൽപ്പെടാത്തതും ആവശ്യത്തിനു വെളിച്ചമില്ലാതിരുന്നതുമാണ് അപകടത്തിനു കാരണമായത്. ഡ്രൈവർ ഉറങ്ങി നിയന്ത്രണം വിട്ടതാണോയെന്ന പരിശോധനയും നടക്കുന്നുണ്ട്. വടക്കുനിന്നും പുതുതായി നിർമ്മിച്ച പാതയിലൂടെ വരുന്ന വാഹനങ്ങൾ വേഗത നിയന്ത്രിച്ച് ഈ ഭാഗത്തു ബണ്ടിലേക്കു പോയില്ലെങ്കിൽ അപകട സാദ്ധ്യതയേറും.നിയന്ത്രണം തെറ്റി സമീപത്തെ എ.എസ്.കനാലിലേയ്ക്ക് വീഴുന്നതിനുള്ള സാഹചര്യവും ഉണ്ട്.